നാടറിഞ്ഞ് ഡിവൈഎഫ്ഐ ജാഥ; വര്‍ഗീയതയ്ക്കെതിരെ പടയൊരുക്കി കേരളീയ യുവത്വം

കൽപ്പറ്റ: നാടിന്റെ നന്മ തൊട്ടറിഞ്ഞ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന ജാഥ. “വർഗീയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ ക്യാപ്റ്റന്മാരായ ജാഥകൾ സംസ്ഥാനത്ത് പര്യടനം നടത്തുകയാണ്.

സംസ്ഥാന സെക്രട്ടറി എ എ റഹിം ക്യാപ്റ്റനായ വടക്കൻ മേഖലാ ജാഥ വയനാട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി ഇന്ന് മലപ്പുറം ജില്ലയിലേക്ക് കടന്നു.

വർഗീയവിഷം ചീറ്റി രാജ്യത്തെ ഭിന്നിപ്പിക്കുകയും തൊഴിൽ നിഷേധിച്ച്‌ യുവതയെ തളർത്തുകയും ചെയ്യുന്ന കേന്ദ്രനയങ്ങൾക്കെതിരെ 15ന്‌ നടത്തുന്ന യൂത്ത്‌ സ്‌ട്രീറ്റിന്റെ പ്രചരണാർഥമാണ്‌ ജാഥ വയനാട് ജില്ലയിലെത്തിയത്‌.

എ എ റഹീമിനൊപ്പം കെ യു ജനീഷ്‌കുമാർ, കെ പ്രേംകുമാർ, ജെയ്‌ക്‌ സി തോമസ്‌, ഗ്രീഷ്‌മ അജയ്‌ഘോഷ്‌ എന്നിവർ അംഗങ്ങളുമായ ജാഥ ജില്ലയെ ഇളക്കിമറിച്ചാണ്‌ കടന്നുപോയത്‌.കൽപ്പറ്റ, ബത്തേരി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു സ്വീകരണം.

മതത്തിന്റെയും ജാതിയുടെയും പേരിൽ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐക്കൊപ്പം വയനാടൻ യുവത്വവും ഒപ്പമുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ ആബാലവൃദ്ധം സ്വീകരണകേന്ദ്രങ്ങളിൽ എത്തി. ബാൻഡ്‌ വാദ്യവും ഇരുചക്രവാഹനറാലിയും വെടിക്കെട്ടും സ്വീകരണത്തിന്‌ മാറ്റുകൂട്ടി.

സിപിഐ എമ്മിന്റെയും വിവിധ വർഗബഹുജനസംഘടനകളുടെയും പ്രതിനിധികൾ ജാഥാംഗങ്ങളെ ഹാരാർപ്പണം ചെയ്‌തു.സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥയെ ആവേശത്തോടെയാണ് ആലപ്പുഴ വരവേറ്റത്.

പടയണിയും പൂക്കാവടിയും അമ്പലപ്പുഴ വേലകളിയും വാദ്യമേളങ്ങളും വർണ ബലൂണുകളും മുത്തുക്കുടകളും സ്വീകരണത്തിന്‌ മാറ്റുകൂട്ടി.

ഇരുചക്ര വാഹനങ്ങൾ അകമ്പടി നൽകി. അഭിവാദ്യവുമായി തൊഴിലാളികളും ഒപ്പംകൂടി. ജാഥയെ ജില്ലാ അതിർത്തിയിൽ തിരുവൻവണ്ടൂർ പ്രാവിൻകൂട് ജങ്ഷനിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ രാഹുലും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദും ചേർന്നാണ്‌ സ്വീകരിച്ചത്‌.

ചെങ്ങന്നൂർ മാർക്കറ്റ്‌ ജങ്ഷനിൽ നടന്ന സ്വീകരണയോഗത്തിൽ എം കെ മനോജ് അധ്യക്ഷനായി.ബിഡിജെഎസ് വിട്ടുവന്ന ചെന്നിത്തല പഞ്ചായത്ത് സെക്രട്ടറി ടി പി ബൈജു, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചെത്തിയ അഖിൽ ഉത്തമൻ എന്നിവരെ ജാഥാ ക്യാപ്‌റ്റൻ ഡിവൈഎഫ്‌ഐ പതാക നൽകി സ്വീകരിച്ചു.

കെ പ്രശാന്ത് കുമാർ സ്വാഗതവും സതീഷ് ജേക്കബ്‌ നന്ദിയും പറഞ്ഞു.മാവേലിക്കര കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ ജങ്ഷനിൽ നൽകിയ സ്വീകരണത്തിൽ മുകുന്ദൻ അധ്യക്ഷനായി. ആർ ശ്രീനാഥ് സ്വാഗതം പറഞ്ഞു. കായംകുളത്ത്‌ എൻ ശിവദാസൻ അധ്യക്ഷനായി.

വിപിൻദാസ് സ്വാഗതവും കെ അനീഷ് കുമാർ നന്ദിയും പറഞ്ഞു. ഹരിപ്പാട് ജാഥാ ക്യാപ്റ്റന് മയൂര ന‌ൃത്തശിൽപം നൽകിയാണ് സ്വീകരിച്ചത്.

എസ് സുരേഷ് കുമാർ അധ്യക്ഷനായി. അഡ്വ. എം എം അനസ് അലി സ്വാഗതവും എ സിനു കുമാർ നന്ദിയും പറഞ്ഞു. എടത്വയിൽ നടന്ന സമാപനത്തിൽ എ എസ് അജിത്ത് അധ്യക്ഷനായി. എം മദൻലാൽ സ്വാഗതം പറഞ്ഞു.

സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ എസ്‌ സതീഷ്‌, മാനേജർ എസ്‌ കെ സജീഷ്‌, വി കെ സനോജ്‌, എം വിജിൻ, ഡോ. പ്രിൻസി കുര്യാക്കോസ്‌, ഷിജൂഖാൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജെയിംസ് ശമുവേൽ, ട്രഷറർ എം എസ് അരുൺകുമാർ എന്നിവർ സംസാരിച്ചു.

ഞായറാഴ്‌ച രാവിലെ 10ന് അമ്പലപ്പുഴയിൽനിന്ന് ജാഥ പര്യടനം ആരംഭിക്കും. പകൽ 12ന്‌ ആലപ്പുഴയിലും മൂന്നിന്‌ മാരാരിക്കുളം കോമളപുരത്തും നാലിന്‌ കഞ്ഞിക്കുഴിയിലും അഞ്ചിന്‌ കുത്തിയതോട്ടിലും സ്വീകരണം നൽകും.

വൈകിട്ട്‌ ആറിന്‌ ചേർത്തല പൂച്ചാക്കലിലാണ്‌ സമാപനം. സമാപന സമ്മേളനം അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ വലിയ ചുടുകാട്ടിലും വയലാർ രക്തസാക്ഷിമണ്ഡപത്തിലും ജാഥാംഗങ്ങൾ പുഷ്‌പാർച്ചന നടത്തും. പകൽ രണ്ടിന് ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും ജാഥാംഗങ്ങൾ സംവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News