ശ്രീറാം പൂജപ്പുര ജയിലില്‍; ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസിലെ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പൂര സബ് ജയിലിലേക്ക് മാറ്റി. വഞ്ചിയൂരില്‍ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ ശേഷമാണ് സബ് ജയിലിലേയ്ക്ക് മാറ്റിയത്.

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൊലീസ് നടത്തിയിരുന്നു. ഇതിന് വേണ്ടി മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. എന്നാല്‍ ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. ഇതോടെ സബ് ജയിലിലേയ്ക്ക് മാറ്റാന്‍ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

കേസില്‍ ശ്രീറാം സമര്‍പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടും. ഗുരുതര കുറ്റമായതിനാല്‍ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News