നിയമം ലംഘിച്ച് ആളെ കൊന്ന് രക്ഷപെടാന്‍ ശ്രമിച്ചവന്‍ ഇന്ന് മുഖം മറയ്ക്കുന്ന ഭീരു; മജിസ്‌ട്രേറ്റിന് മുന്നില്‍ ഗുരുതരാവസ്ഥ അഭിനയിച്ച് ശ്രീറാം

തിരുവനന്തപുരം: ഗുരുതരമായി പരുക്കേറ്റ രോഗിയെ പോലെ സ്ട്രെച്ചറില്‍ കിടത്തി, മുഖത്ത് മാസ്‌ക്കും ധരിപ്പിച്ചായിരുന്നു കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമിനെ കിംസ് ആശുപത്രിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്.

എന്നാല്‍ ശ്രീറാമിന് കാര്യമായ ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്ന് വ്യക്തമാക്കി സബ് ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതോടെ ആ നാടകവും പൊളിഞ്ഞു.

നേരത്തെ ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റാനായിരുന്നു ധാരണ. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ശ്രീറാമിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

ഗുരുതരാവസ്ഥ അഭിനയിച്ച് കിടന്ന ശ്രീറാമിനെ ആംബുലന്‍സിലെത്തിയാണ് മജിസ്‌ട്രേറ്റും കണ്ടത്. കേസ് അന്വഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കേസില്‍ നേരത്തെ ശ്രീറാമിനെ റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ കിംസ് ആശുപത്രിയില്‍ തുടരുകയായിരുന്നു.

അതേസമയം, ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടും. ഗുരുതര കുറ്റമായതിനാല്‍ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here