
കേന്ദ്ര ഭരണത്തിലുള്ള കശ്മീരിൽ ജനാധിപത്യം അട്ടിമറിക്കുന്ന രീതിയിൽ അപ്രതീക്ഷിത നീക്കങ്ങൾ. ശ്രീനഗറിൽ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ നേതാക്കളെ രാത്രിയിൽ വീട്ടു തടങ്കലിലാക്കി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി , പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവരെയാണ് ഞായറാഴ്ച രാത്രിയിൽ വീട്ടുതടങ്കിലാക്കിയത്. ബദ്ധവൈരികളായ പിഡിപിയും നാഷണൽ കോൺഫറൻസും അടക്കമുള്ള മുഖ്യധാരാ പാർടികൾ ഞായറാഴ്ച വെെകീട്ട് ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ യോഗം ചേർന്ന് മണിക്കൂറുകൾക്കുള്ളിലാണ് നീക്കം. കശ്‌മീരിന്റെ പ്രത്യേക പദവി നിലനിർത്തണം എന്നാവശ്യമാണ് യോഗം മുന്നോട്ടുവച്ചത്.
യോഗത്തിൽ പങ്കെടുത്തവരെ വീട്ടുതടങ്കലിലാക്കിയതായി സർക്കാർ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. യോഗത്തിനുശേഷം രാത്രി എട്ടോടെയാണ് താൻ വീട്ടിൽ എത്തിയത്. പുറത്ത് സുരക്ഷാ ഭടന്മാരുണ്ട്. താൻ വീട്ടുതടങ്കലിലാണോ അല്ലയോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ ഡിജിപി, ചീഫ് സെക്രട്ടറി എന്നിവർ രാത്രിയിൽ യോഗം ചേർന്നിരുന്നു. തുടർന്നാണ് നേതാക്കൾ വീട്ടുതടങ്കലിൽ എന്ന വാർത്ത പുറത്തുവന്നത്. താഴ്വരയിൽ പലയിടത്തും ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും നിർത്തിവെച്ചു. സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. കശ്മീരിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർഥികളോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. ശ്രീനഗറിലും മറ്റുപ്രദേശങ്ങളിലും പ്രകടനങ്ങളും പൊതുപരിപാടികളും നടത്തരുതെന്നും നിർദേശമുണ്ട്.
താൻ വീട്ടുതടങ്കലിലാണെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. പാതിരാത്രി മുതൽ എന്നെ വീട്ട് തടങ്കലിലാക്കി. മറ്റു നേതാക്കൾക്കും ഇതേ അവസ്ഥ തന്നെയണെന്ന് അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീർ ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം അടിച്ചമർത്തൽ നേരിടുകയാണെന്നും അവർ ട്വീറ്റ് ചെയ്തു. സമാധാനത്തിനായി പോരാടിയ കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെ വീട്ട് തടങ്കലിൽ വെക്കുന്നത് എന്തൊരു വിരോധാഭാസമാണെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു.
അതേസമയം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കുപ്‌വാരയിൽ ഇന്ത്യൻ സൈന്യം വധിച്ച ബോർഡർ ആക്‌ഷൻ ടീം അംഗങ്ങളുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. ശനിയാഴ്‌ച കുപ്‌വാരയിലെ കേരാൻ സെക്‌ടറിലാണ് അഞ്ച് അതിർത്തി സേനാ അംഗങ്ങൾ കൊല്ലപ്പെട്ടത്. മൃതദേഹം എടുത്തുമാറ്റാനുള്ള നിർദേശത്തോട് പാക് സൈന്യം ആദ്യം പ്രതികരിച്ചില്ല. കശ്‌മീരിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ഇന്ത്യയുടെ പ്രചരണമാണിതെന്ന് ഞായറാഴ്‌ച വൈകിട്ടോടെ പാകിസ്ഥാൻ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here