കുറ്റങ്ങളെല്ലാം നിഷേധിച്ച്‌ ശ്രീറാം; ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. ജാമ്യാപേക്ഷയിൽ ശ്രീറാം കുറ്റങ്ങളെല്ലാം നിഷേധിച്ചു. മദ്യപിച്ചിട്ടില്ല, അപകടത്തിൽ തനിക്കും ഗുരുതര പരിക്കേറ്റു. ഇടതുകൈക്ക്‌ പൊട്ടലുണ്ട്‌. ഉത്തരവാദിത്തമുള്ള സിവിൽ സർവീസ്‌ ഉദ്യോഗസ്ഥനാണ്‌.

രാഷ്ട്രീയക്കാർക്ക്‌ എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിനിടയാക്കിയെന്നും അപേക്ഷയിൽ പറയുന്നു. മാധ്യമങ്ങൾ പറയും പോലെയാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും ആരോപിക്കുന്നു. സ്വകാര്യ ആശുപത്രിയിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാൻ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി (അഞ്ച്‌) മജിസ്‌ട്രേട്ട്‌ എസ്‌ ആർ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ്‌ ജാമ്യാപേക്ഷ നൽകിയത്‌. അപേക്ഷ മജിസ്‌ട്രേട്ട്‌ സ്വീകരിച്ചില്ല. തിങ്കളാഴ്‌ച കോടതിയിൽ നൽകാൻ നിർദേശിച്ചു.

കുറ്റവാളികൾ എത്ര ഉന്നതനായാലും അഴി എണ്ണേണ്ടിവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ യാഥാർഥ്യമാക്കി യുവ ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ അറസ്റ്റും മറ്റു നടപടികളും. കേരളത്തിൽ അറസ്റ്റിലാകുന്ന ആദ്യ യുവ ഐഎഎസ്‌ ഓഫീസറാണ്‌ ശ്രീറാം. കൂത്തുപറമ്പ്‌ കേസിൽ അറസ്റ്റിലായ ടി ടി ആന്റണിയാണ്‌ കേരളത്തിൽ ഇതിനുമുമ്പ്‌ അവസാനം അറസ്റ്റിലായ ഐഎഎസ്‌ ഓഫീസർ.

സംഭവം നടന്ന ശനിയാഴ്‌ചതന്നെ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ എത്തി മജിസ്‌ട്രേട്ട്‌ റിമാൻഡ്‌ ചെയ്‌തിരുന്നു. ആശുപത്രിയിൽത്തന്നെ കഴിയാനുള്ള ഗൂഢനീക്കവും സർക്കാരിന്റെ ഇടപെടൽമൂലം പൊളിഞ്ഞു. ഞായറാഴ്‌ച വൈകിട്ട്‌ ശ്രീറാമിനെ പഞ്ചനക്ഷത്ര ആശുപത്രിയിൽനിന്ന്‌ ജയിലിലേക്ക്‌ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here