
കശ്മീരിൽ ജനാധിപത്യം അട്ടിമറിക്കുന്ന തരത്തിൽ സ്ഥിതി രൂക്ഷമാകുന്നു. ശ്രീനഗറിൽ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ അറസ്റ്റ് ചെയ്തു. വീട്ടുതടങ്കലിലാണ് തരിഗാമി ഇപ്പോളുള്ളത്. കൂടാതെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവരും ഞായറാഴ്ച രാത്രിമുതൽ വീട്ടുതടങ്കലിലാണ്.
സംസ്ഥാനത്ത് അർധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. പലയിടത്തും മൊബൈൽ ഇന്‍റർനെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. ചിലയിടത്ത് ബ്രോഡ് ബാന്‍റ് സേവനവും തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് കിട്ടുന്നത് വരെ തുറക്കരുതെന്നാണ് അറിയിപ്പ് കിട്ടിയിട്ടുള്ളത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേരും. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടുന്നതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണു വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here