കനത്തമഴയും മണ്ണിടിച്ചിലും കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു

മഴ കനത്തതോടെ മുംബൈ നഗരത്തിൽ പരിസരങ്ങളിൽ ജനജീവിതം ദുരിതപൂർണമായി. മണ്ണിടിച്ചിൽ ഉണ്ടായ കൊങ്കൺ പാതയിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. മഹാനഗരം പാടെ ഒറ്റപ്പെട്ട അവസ്ഥയിലുമായി.

പനവേൽ, റോഹ സ്റ്റേഷനുകൾക്കിടയിൽ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതിനെത്തുടർന്നാണു കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനുസമീപം അംബ പാലത്തിലെ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ പ്രശ്നം രൂക്ഷമായി. അതോടെ കൊങ്കൺ പാത പൂർണമായി അടഞ്ഞു.

കല്യാൺ, ഇഗത്പുരി സ്റ്റേഷനുകൾക്കിടയിൽ പാളത്തിലേക്ക് പാറവീണതോടെ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു. കല്യാൺ-കർജത്ത് മേഖലയിൽ ഷെലുവിലും വാംഗണി-നെരൽ സ്റ്റേഷനുകൾക്കിടയിലും പാളത്തിനടിയിൽനിന്ന് മണ്ണൊലിച്ചുപോയതോടെ പുണെ-മുംബൈ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു.

രാവിലെ പതിനൊന്നോടെയാണ് കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞത്. വൈകീട്ട് നാലോടെ മണ്ണുമാറ്റിയശേഷമാണു രാജധാനി എക്സ്‌പ്രസ് മുന്നോട്ടുപോയത്. എന്നാൽ, നാഗോത്താനയിലെ വെള്ളം ഒഴുകിപ്പോകാത്തതുകാരണം പാത അടഞ്ഞുതന്നെ കിടന്നു. ഈ പാതയിലൂടെ ഓടേണ്ട മറ്റു വണ്ടികളെല്ലാം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.

ഡൽഹിയിൽനിന്നുവന്ന മംഗള എക്സ്‌പ്രസ് ഇഗത്പുരിയിൽനിന്നു മൻമാഡ്, ദൗണ്ട് വഴി തിരിച്ചുവിട്ടു. കന്യാകുമാരിയിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട ജയന്തി ജനത മൻമാഡ്-ഇഗത്പുരി-കല്യാൺ വഴിയാണു വിട്ടത്. നിസാമുദ്ദീൻ-എറണാകുളം തുരന്തോ സൂറത്തിൽനിന്ന് ജൽഗാവ്-കട്പാടിവഴിയാണ് ഓടിയത്. തിരുവനന്തപുരത്തുനിന്നു മുംബൈയിലേക്കുള്ള പ്രതിവാരവണ്ടി ദൗണ്ടിൽ യാത്ര അവസാനിപ്പിച്ചു. പുണെയിൽനിന്ന് എറണാകുളത്തേക്കുള്ള വണ്ടി ഞായറാഴ്ച റദ്ദാക്കി.മുംബൈയിൽ 24 മണിക്കൂറിൽ പെയ്തത് 204 മില്ലീമീറ്റർ മഴയാണ്. താനെയിലും നവിമുംബൈയിലും ലഭിച്ചത് 250 മില്ലീമീറ്ററിലധികം മഴയാണ്. താനെ, പാൽഘർ ജില്ലകളിലും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

റെയിൽപ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടർന്ന് തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു തീവണ്ടികൾ റദ്ദാക്കി. രണ്ടു തീവണ്ടികൾ വഴിതിരിച്ചുവിട്ടു.

കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി ജനത, നാഗർകോവിലിൽനിന്ന്‌ തിരുനെൽവേലി വഴിയുള്ള മുംബൈ സി.എസ്.ടി. എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ -ലോകമാന്യ തിലക് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച രാവിലെ 7.45-ന് തിരുെനൽവേലിയിൽനിന്നു പുറപ്പെടുന്ന തിരുെനൽവേലി-ജാംനഗർ ദ്വൈവാര തീവണ്ടി തൃശ്ശൂർ-പാലക്കാട്-സേലം വഴി തിരിച്ചുവിടും. തിങ്കളാഴ്ച രാവിലെ 9.15-നു കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ്‌ ദ്വൈവാര തീവണ്ടിയും തൃശ്ശൂർ-പാലക്കാട്-സേലം വഴി തിരിച്ചുവിടും.

ഞായറാഴ്ചത്തെ നേത്രാവതി എക്സ്പ്രസ് ഷൊർണൂരിലും ഗരീബ് രഥ് കണ്ണൂരിലും യാത്ര അവസാനിപ്പിച്ചു. യാത്രക്കാരുടെ ദുരിതം മനസ്സിലാക്കി നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ഗരീബ് രഥ് കൊച്ചുവേളിയിലേക്കും തിരിച്ച് സർവീസ് നടത്തി. നിസാമുദ്ദീനിലേക്കുള്ള മംഗള കാസർകോട് യാത്രയവസാനിപ്പിച്ചു. രാത്രി എട്ടോടെ ഈ വണ്ടിയും തിരിച്ച് സർവീസ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here