അനുഛേദം 370 റദ്ദാക്കി; ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും; ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.

ജമ്മു കശ്മീരിനെ സംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയായിരുന്നു.

അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35Aയും റദ്ദാക്കപ്പെടും.

ലഡാക്കും ജമ്മു കാശ്മീരും കേന്ദ്രഭരണപ്രദേശങ്ങള്‍

ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലും അവതരിപ്പിച്ചു.

ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായി മാറ്റും. ലഡാക്കിന് കേന്ദ്രഭരണപ്രദേശം എന്ന പദവി നല്‍കുമെങ്കിലും നിയമസഭ ഉണ്ടായിരിക്കില്ല.

ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താണ് കേന്ദ്രഭരണപ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണ് ബില്‍ പാസാക്കിയത്. മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിന് ശേഷമാണ് നിര്‍ണായ നീക്കം.

പ്രഖ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉണ്ടാക്കാനുള്ള സഹചാരം മുന്‍കൂട്ടിക്കണ്ടായിരുന്നു ബിജെപി നീക്കമെന്നതും ശ്രദ്ധേയം.

കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍ ആക്കുകയും, വാര്‍ത്താവിനിമയ സംവിധാനങ്ങളും, ഇന്റര്‍നെറ്റ് സര്‍വീസുകളും ഇന്നലെ രാത്രിയോടെ കട്ട് ചെയ്തു. ഇതിന് പുറമെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കശ്മീരില്‍ സുരക്ഷ ശക്തമാക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, യൂസഫ് തരിഗാമി തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here