ശ്രീറാം ഐസിയുവില്‍; ആന്തരികക്ഷതമെന്ന് വിവരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്‌പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.കോടതി മെഡിക്കല്‍ കോളജ് പൊലീസ് സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുഖവാസമെന്ന ആരോപണമുണ്ട്. കൂടാതെ റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള പൊലീസ് സെല്ലില്‍ പ്രവേശിപ്പിക്കുന്നതിനു പകരം ശ്രീറാമിനെ മള്‍ട്ടി സ്‌പെഷല്‍ ഐസിയുവിലാണ് പ്രവേശിപ്പിച്ചതും.

കൈയ്യിലും നട്ടെല്ലിലും ചെറിയ രീതിയില്‍ പരുക്കുള്ള ശ്രീറാമിനെ നേരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ റിമാന്‍ഡ് പ്രതി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തു മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി്. തുടര്‍ന്ന് പൂജപ്പുര ജയിലില്‍ നടത്തിയ പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു. ശ്രീറാമിന്റെ രക്ത പരിശോധനാഫലം ഇന്നു സമര്‍പ്പിക്കാനാണ് മജിസ്‌ട്രേട്ട് നിര്‍ദേശിച്ചിരിക്കുന്നത്.

അപകടം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ശ്രീറാമിന്റെ രക്ത സാമ്പിള്‍ എടുക്കുന്നതില്‍ വീഴ്ച വന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വീസ് ചട്ടലംഘനങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്‍പും സസ്‌പെന്‍ഷനിലായിട്ടുണ്ടെങ്കിലും നരഹത്യയുടെ പേരില്‍ നടപടി നേരിടേണ്ടിവരുന്നത് അപൂര്‍വമാണ്. 2013ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസിലെത്തിയത്. ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും. നരഹത്യയ്ക്കു 304ാം വകുപ്പുപ്രകാരം അറസ്റ്റിലായ ശ്രീറാം 24 മണിക്കൂറിലേറെയായി കസ്റ്റഡിയിലാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കും. ചട്ടപ്രകാരമുള്ള നടപടിക്കു ശുപാര്‍ശ ചെയ്തു ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here