ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ പൊലീസ് ചുമത്തിയത്.

കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

അമിതമായി മദ്യപിച്ച ശ്രീറാമിനെ കാര്‍ ഓടിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ കാറുടമ കൂടിയായ വഫയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഇതിനിടെ, ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തെയ്ക്ക് മാറ്റി. ശ്രീറാമിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് നല്‍കി.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രത്യേക സെല്ലില്‍ നിന്ന് രാത്രി തന്നെ മള്‍ട്ടി സ്‌പെഷ്യലിറ്റി ബ്ലോക്കിലെ ട്രോമാ ഐസിയുവിലേക്ക് മാറ്റി. 5 അംഗ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. 72 മണിക്കൂര്‍ നിരീക്ഷണത്തിനും അതുവരെ ശ്രീറാം ട്രോമാ ഐസിയുവില്‍ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

ശ്രീറാം മാനസിക പിരിമുറുക്കത്തിലാണെന്നും, അതിനാല്‍ മാനസികരോഗ വിദഗ്ധന്റെ സേവനം ഉടന്‍ ലഭ്യമാക്കും. എന്നാല്‍ കാര്യമായ ബാഹ്യ പരുക്കുകള്‍ ശ്രീറാമിനില്ല. എംആര്‍ഐ, അബ്‌ഡോമന്‍ സിടി സ്‌കാനുകളുടെ ഫലം വന്ന ശേഷം മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News