മനുഷ്യ കോശങ്ങള്‍ അടങ്ങിയ കുരങ്ങുകളുടെ ഭ്രൂണം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. മനുഷ്യ-മൃഗ കിമേറകള്‍ സൃഷ്ടിക്കാനുള്ള നൈതികമായ വശങ്ങളും അതോടൊപ്പം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള രണ്ടോ അതിലധികമോ ‘വ്യക്തികളുടെ’ കോശങ്ങളില്‍നിന്നും വരുന്ന ജീവികളാണ് കിമേറ. സിംഹത്തിന്റെ തലയും ആടിന്റെ ശരീരവും സര്‍പ്പത്തിന്റെ വാലുള്ള അഗ്നി ശ്വസിക്കുന്ന ഒരു രാക്ഷസ രൂപത്തെകുറിച്ച് ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. അവയെ കിമേറയെന്നാണ് വിളിക്കുന്നത്.അവയവമാറ്റം നടത്താന്‍ പാകത്തില്‍ അവയവങ്ങള്‍ ലഭ്യമാവാത്ത, ലഭ്യമായ അവയവങ്ങള്‍ മറ്റുള്ളവരില്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥക്ക് ഏറ്റവും വലിയ പരിഹാരമായാണ് കിമേറകള്‍ കണക്കാക്കപ്പെടുന്നത്. അവയവം ആവശ്യമുള്ള മനുഷ്യന്റെ ജനിതകവുമായി പൊരുത്തപ്പെടുന്ന അവയവങ്ങള്‍ ഒരു ദിവസം മൃഗങ്ങളില്‍ വളര്‍ത്തിയെടുക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനില്‍ നിന്ന് കോശങ്ങള്‍ എടുത്ത് അവയെ സ്റ്റെം സെല്ലുകളായി പുനര്‍നിര്‍മ്മിക്കും.