മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത്  ഇറാന്‍.കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരില്‍ ഇന്ത്യക്കാരുണ്ടോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഫര്‍സി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കപ്പല്‍ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്. ഏഴു ലക്ഷം ലീറ്റര്‍ എണ്ണയാണ് ‘കള്ളക്കടത്ത്’ നടത്തിയതെന്ന് ഇറാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെ രാജ്യാന്തര തലത്തില്‍ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. മേയ് മുതല്‍ പലപ്പോഴായി ഹോര്‍മുസ് കടലിടുക്കില്‍ വിദേശ കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു.