ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മകാശ്മീർ സംസ്ഥാനത്തെ ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറലിസവും ഇല്ലാതാക്കുന്ന മോദി സർക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബിജെപി-ആർ.എസ്.എസ് ഭരണാധികാരികൾക്ക് ഒരു വൈവിധ്യവും ഫെഡറൽ തത്വങ്ങളും അംഗീകരിക്കാൻ കഴിയുന്നില്ല.
ജമ്മു കാശ്മീരിനെ അധിനിവേശ പ്രദേശമായി കണക്കാക്കി വിഭജിക്കാനുള്ള നീക്കം രാജ്യത്തിന്റെ ഐക്യത്തിനിതെരായ ഏറ്റവും വലിയ അക്രമണമാണ്. ഇത് കാശ്മീരിൽ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല.
ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണമാണിത്. സർക്കാർ ഇപ്പോൾ സ്വീകരിച്ച നടപടികൾ രാജ്യത്തെ ആകെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. സ്വതന്ത്രപരമാധികാര റിപ്പബ്ലികായ ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളെ തകർക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
കാശ്മീരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജനാധിപത്യ കശാപ്പിനെതിരായും ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംരക്ഷണത്തിനായി മുഴുവൻ യുവതീ യുവാക്കളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.റഹിമും പ്രസിഡന്റ് എസ്.സതീഷും പ്രസ്താവനയിൽ അറിയിച്ചു.
കാശ്മീർ വിഷയത്തിൽ ഇന്ന് മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്തു. കെ.യു.ജനീഷ്‌കുമാർ, കെ.പ്രേംകുമാർ, ഗ്രീഷ്മ അജയ്‌ഘോഷ്, ജെയ്ക്ക് സി തോമസ്, പി.കെ.മുബഷീർ, ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.
കോട്ടയം തലയോലപ്പറമ്പ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.കെ.സജീഷ്, വി.കെ.സനോജ്, എം.വിജിൻ, പ്രിൻസി കുര്യാക്കോസ്, ഷിജൂഖാൻ, സജേഷ് ശശി, അജയ് കെ.ആർ എന്നിവർ സംസാരിച്ചു.
Get real time update about this post categories directly on your device, subscribe now.