തിരുവനന്തപുരം: സൗന്ദര്യവുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍നിന്നു ചിലരെ തടയുന്നുണ്ട് എന്നാണറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വയം സൗന്ദര്യം സംരക്ഷിച്ചുകൊണ്ട് കുഞ്ഞിനെ ബാല്യത്തില്‍ തന്നെ വാര്‍ധക്യത്തിലേക്കു തള്ളിവിട്ടാല്‍ ആ സൗന്ദര്യത്തിന് പിന്നെ എന്ത് പ്രസക്തിയാണുള്ളത്? എന്തു വിലയാണുള്ളത്? ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കല്‍ തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യം.

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുത്താല്‍ സൗന്ദര്യത്തിനോ ശരീരഘടനയിലോ കുഴപ്പം വരും എന്ന ആശങ്ക അകറ്റാന്‍ തക്ക വിധം ഈ രംഗത്ത് വൈദ്യശാസ്ത്രരംഗത്തെ പ്രമുഖരുടെ ഇടപെടല്‍ കൂടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റേയും സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുലപ്പാല്‍ കുഞ്ഞിന്റെ അവകാശമാണെന്നും അത് ലഭ്യമാക്കേണ്ടത് അമ്മയുടെ കടമയാണെന്നുമുള്ള കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ലോകമെങ്ങും മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘രക്ഷിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് ഇത്തവണത്തെ ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ സന്ദേശം.

ഈ കാലത്ത് ഈ സന്ദേശത്തിന് വളരെ വലിയ പ്രസക്തിയുണ്ട്. ലോകത്ത് 70 ലക്ഷത്തില്‍പരം കുഞ്ഞുങ്ങള്‍ക്ക് സമ്പൂര്‍ണ ആഹാരമെന്ന നിലയില്‍ മുലപ്പാല്‍ ലഭ്യമാകുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്താകെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം കുറഞ്ഞുവരുന്നതായും അതില്‍ ഒന്നര വയസ്സുവരെയെങ്കിലും കുഞ്ഞുങ്ങളെ മുലയൂട്ടണമെന്ന നിര്‍ദ്ദേശം പാലിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വികസിതരാജ്യങ്ങളിലെ അമ്മമാരാണ് കുഞ്ഞുങ്ങളെ ഈ രീതിയില്‍ അവഗണിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.

ഇന്ത്യയിലാകട്ടെ 65 ശതമാനത്തോളം കുഞ്ഞുങ്ങള്‍ മാത്രമാണ് ആദ്യത്തെ ആറുമാസം മുലപ്പാല്‍ കുടിച്ചു വളരുന്നത്. മാത്രമല്ല, നവജാതരായ ആയിരം ശിശുക്കളില്‍ 39 പേരാണ് ഒരുവയസിനു മുന്‍പ് മരണപ്പെടുന്നത്.

അതിലേറെയും ശ്വാസകോശ സംബന്ധമായ തകരാറുകളും അതിസാരവും കാരണമാണെന്നാണ് യുണിസെഫിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നിലയിലല്ല നമ്മുടെ രാജ്യത്തെ കുട്ടികളുടെ ജനനസമയത്തെ സംരക്ഷണം എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മറ്റു പല കാര്യങ്ങളിലുമെന്നപോലെ മാതൃ-ശിശു സംരക്ഷണത്തിന്റെ കാര്യത്തിലും കേരളം ഇന്ത്യയ്ക്കാകെ മാതൃകയാണ്. ഇവിടെ 90 ശതമാനം അമ്മമാരും കുട്ടികളെ ആരോഗ്യകരമായി മുലയൂട്ടുന്നവരാണ്.

ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പു തന്നെ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താന്‍ താലോലം, ശലഭം, മിഠായി തുടങ്ങി വിവിധ പദ്ധതികളും ഇവിടെ നടപ്പിലാക്കിവരുന്നുണ്ട്.

ആരോഗ്യരംഗത്താകട്ടെ എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങളാണ് കേരളത്തിലുള്ളത്.

ഇതിനൊക്കെയുള്ള അംഗീകാരമെന്ന നിലയിലാണ് തുടര്‍ച്ചയായി രണ്ടാം തവണയും മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ നീതി ആയോഗ് കണ്ടെത്തിയത്.

ആരോഗ്യസൂചികയിലും ഭക്ഷ്യസുരക്ഷാസൂചികയിലും ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന സംസ്ഥാനം എന്ന നേട്ടവും നമ്മെ തേടിയെത്തി.

നീതി ആയോഗിന്റെ അവലോകന സൂചിക അനുസരിച്ച് രാജ്യത്ത് നവജാത ശിശുക്കളുടെ മരണ നിരക്കും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

രോഗപ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളില്‍ വെച്ചുള്ള ജനനം, സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ഇത്തരം നേട്ടങ്ങളിലൂടെ ആരോഗ്യരംഗത്ത് രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യമാണ് കേരളം കൈവരിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുമ്പോള്‍ ഭാവിയിലുണ്ടാകാനിടയുള്ള ഒരുപാട് രോഗങ്ങളെയും ദൗര്‍ബല്യങ്ങളെയും ക്ഷീണങ്ങളെയും അകറ്റുക കൂടിയാണ് ചെയ്യുന്നത് എന്ന ബോധം അമ്മമാരില്‍ ഉണ്ടാകണം.

അതിനുതകുന്ന വിധത്തിലുള്ള ബോധവല്‍ക്കരണം നടക്കണം. മുലപ്പാലാണ് കുഞ്ഞുങ്ങളുടെ ആദ്യഘട്ടത്തിലെ മസ്തിഷ്‌ക വികാസത്തിന്റെ വരെ നിര്‍ണായക ഘടകം.

പൊതുവായ ആരോഗ്യത്തിന്റെ അടിസ്ഥാനഘടകവും അതുതന്നെ. ചിന്താശേഷിയുടെയും വിവേകത്തിന്റെയും ആദ്യപാഠം കുടുംബത്തില്‍ നിന്നു തന്നെ പഠിക്കാന്‍ സാധിക്കണം.

അതിനുതകുന്ന രീതിയില്‍ ഈ ദിനാചരണത്തിന്റെ സന്ദേശം ഏറ്റെടുക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

നമ്മുടെ കുട്ടികള്‍ക്ക് മനസുനിറയെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉണ്ടാകാന്‍ സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയിലൂടെയുള്ള സൗകര്യങ്ങള്‍ ഉപകരിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപരുത്തെ പൂജപ്പുരയിലാണ് ആദ്യ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നത്. പരിസ്ഥിതി സൗഹൃദം ഉറപ്പുവരുത്തി കുട്ടികള്‍ക്ക് കാഴ്ചയില്‍ തന്നെ ആനന്ദം പകരുന്ന തരത്തിലാണ് കെട്ടിട നിര്‍മാണം സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

നീന്തല്‍ക്കുളം, ഉദ്യാനം, അകത്തും പുറത്തും കളിസ്ഥലം തുടങ്ങിയ ലോകോത്തര സംവിധാനങ്ങളാണ് ഈ അങ്കണവാടികളില്‍ ഉണ്ടാവുക.

കുട്ടികള്‍ക്ക് മാനസികവും ശാരീരികവും സാമൂഹികവുമായ വികാസത്തിനു വേണ്ട പരിശീലനമാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്.

സംസ്ഥാനത്താകെ ഈ രീതിയില്‍ 210 സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോഡല്‍ അങ്കണവാടികള്‍ ഐ.സി.ഡി.എസ്. ചരിത്രത്തിലെ നാഴികക്കല്ലാകും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മോഡല്‍ അങ്കണവാടികള്‍ ഐ.സി.ഡി.എസ്. ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാലതാമസമില്ലാതെ എത്രയും വേഗം സ്മാര്‍ട്ട് അങ്കണവാടികള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.

അങ്കണവാടിയുടെ സമൂല പരിഷ്‌ക്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്കണവാടികളില്‍ കുട്ടികള്‍ കുറവെന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല.

സ്മാര്‍ട്ട് അങ്കണവാടികള്‍ വരുന്നതോടെ മറ്റ് സ്വകാര്യ സ്‌കൂളിലേക്ക് വിടുന്ന കുട്ടികള്‍ കൂടി അങ്കണവാടികളിലെത്തും.

കുട്ടികളുടെ ബുദ്ധിവികാസത്തിന് ഊന്നല്‍ നല്‍കുന്ന കരിക്കുലത്തോടെയാണ് അങ്കണവാടികള്‍ പരിഷ്‌ക്കരിക്കുന്നത്. ഒരു സ്മാര്‍ട്ട് അങ്കന്‍വാടിയില്‍ വന്നാല്‍ വലിയ മാറ്റം കാണാനാകുന്ന തരത്തിലാണ് പരിഷ്‌ക്കരിക്കുന്നത്.

എല്ലാതരത്തിലും സ്മാര്‍ട്ട് ആകാനാണ് ശ്രമിക്കുന്നത്. പല മേഖലകളില്‍ നിന്നും പണം കണ്ടെത്തി പരമാവധി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒ. രാജഗോപാല്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ ഐഷ ബേക്കര്‍, ബി. വിജയലക്ഷ്മി, നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ യു.വി. ജോസ് എന്നിവര്‍ മുഖ്യാതിഥികളായി.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി.

ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ ചടങ്ങില്‍ ആദരിച്ചു. പ്രളയാനന്തര കേരളത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും പ്രത്യേകിച്ച് അങ്കണവാടികളുടെ പുനര്‍നിര്‍മ്മാണവും പരിഗണിച്ചാണ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് വേണ്ടി കൃഷ്ണതേജയെ ആദരിച്ചത്.