ജമ്മു കശ്മീര്‍ വിഭജന പ്രമേയവും റിസര്‍വേഷന്‍ ബില്ലും രാജ്യസഭാ പാസാക്കി

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രമേയവും, വിഭജന പ്രമേയവും രാജ്യസഭാ പാസ്സാക്കി.

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയും ചെയ്തു.

കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടന വ്യവസ്ഥകളും കാശ്മീരിനും ബാധകമാകും.

പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പുറമെ കശ്മീരിനെ വിഭജിക്കാനുള്ള പ്രമേയവും രാജ്യസഭ പാസ്സാക്കി. 61ന് എതിരെ 125 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. സിപിഐഎം, സിപിഐ, കോണ്ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ബിഎസ്പി, എഐഡിഎംകെ, തുടങ്ങിയ പാര്‍ട്ടികള്‍ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. വിഭജന പ്രമേയം പ്രകാരം കശ്മീരിന് സംസ്ഥാന പദവി നഷ്ടമാകും. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയാണ് വിഭജിക്കുക. ജമ്മുകശ്മീര്‍ നിയമസഭ ഉള്ള കേന്ദ്രഭരണ പ്രദേശമായും, ലഡാക്ക് നിയമ സഭ ഇല്ലാതെ കേന്ദ്ര ഭരണ പ്രദേശവുമായാണ് വിഭജിക്കുക.

അതേസമയം, വിഭജനം തത്ക്കാലികം മാത്രമെന്നും സമാധാനം പുലര്‍ന്നുകഴിഞ്ഞാല്‍ സംസ്ഥാനപദവി തിരികെ നല്‍കുമെന്നും അമിത് ഷാ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളായാണുള്ള പ്രമേയത്തിനും, വിഭജന പ്രമേയത്തിനും പുറമെ കശ്മീര്‍ റിസര്‍വേഷന്‍ ബില്ലും രാജ്യസഭാ പാസാക്കി.

നാളെ ലോക്‌സഭയിലും പ്രമേയം അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News