ഏതു സംഘര്‍ഷസമയത്തും കൂളായി ഹാന്‍ഡില്‍ ചെയ്ത് ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ കൂള്‍ ധോനി സോ്ഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇന്ത്യന്‍ ടീം കളത്തിലെ ചൂടുപിടിച്ച മത്സരത്തിനായി തലപുകയ്ക്കുമ്പോള്‍ നിര്‍ണ്ണായകമായ കാലത്ത് കശ്മീരില്‍ സൈനിക സേവനം നടത്തുകയാണ് ധോനി. സൈനിക ക്യാമ്പില്‍ സ്വന്തം ഷൂ പോളിഷ് ചെയ്യുന്ന ധോനിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എം.എസ്. ധോനി ഫാന്‍സ് ഒഫിഷ്യല്‍ എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. നമ്മുടെ ധീരസൈനികരെപ്പോലെ. തന്റെ ലാളിത്യം കൊണ്ട് ധോനി നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് എന്ന കുറിപ്പോടെയാണ് ധോനിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആഡംബരങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ രാജ്യസേവനത്തില്‍ നിരതനായിരിക്കുന്ന ധോനിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സൈനികര്‍ക്കൊപ്പം ക്യാമ്പില്‍ ധോനി വോളിബോള്‍ കളിക്കുന്നതിന്റെ വീഡിയോയും വന്‍ ഹിറ്റായിരുന്നു. അതേസമയം ഇത് സൈനികരുടെ സാധാരണ പ്രവൃത്തിയാണെന്നും ഇത്തരത്തില്‍ പ്രകീര്‍ത്തിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ട് കൊണ്ടും പലരും രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടത്തില്‍ നിന്ന് വിട്ടുനിന്ന ധോനി 106 ടി.എ. ബറ്റാലിയന്റെ ഭാഗമായാണ് ജൂലൈ 31 ന് കശ്മീരിലെത്തി സൈന്യത്തിനൊപ്പം ചേര്‍ന്നത്.