സൗദി അറേബ്യയില്‍ സ്വദേശികളുടെ ചുരുങ്ങിയ വേതനം നാലായിരം റിയാലാക്കി നിശ്ചയിക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം തയ്യാറെടുക്കുന്നു. നിതാഖാത്ത് വ്യവസ്ഥ പ്രകാരം സ്വദേശി ജീവനക്കാരുടെ ചുരുങ്ങിയ വേതനം നാലായിരം റിയാലായി നിശ്ചയിക്കുന്നതിനെ കുറിച്ച് പൊതു സമുഹത്തിന്റെ അഭിപ്രായം തേടി. രണ്ടായിരം റിയാല്‍ വേതനം ലഭിക്കുന്ന പാര്‍ട്ട്‌ ടൈം ജോലിക്കാരനായ സ്വദേശി ജീവനക്കാരനെ നിതാഖാതില്‍ പകുതിയായി പരിഗണിക്കും. ഇത്തരത്തില്‍ സ്വദേശി വിദ്യാര്‍ത്ഥികളെ ജോലിക്കു നിയമിക്കാവുന്നതാണ്. എന്നാല്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ പാടില്ല. എന്നാല്‍ ഹോട്ടലുകള്‍ക്ക് ഈ നിയമം ബാധകമല്ല.

രണ്ടായിരം റിയാലില്‍ കുറഞ്ഞ വേതനം നിതാഖാതില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇത് സംബന്ധിച്ചുള്ള വ്യവസ്ഥയില്‍ പറയുന്നു. എന്നാല്‍ രണ്ടായിരത്തില്‍ കുടുതല്‍ വേതനം നല്‍കുന്നതിനു നിതാഖാതില്‍ പകുതിയായി നിശ്ചയിക്കുന്നതിനു വിരോധമുണ്ടാവില്ല. അതേസമയം സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 55 ല്‍ നിന്നും 60 ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഭേദഗതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ചു.

55 വയസ്സുള്ള വനിതയെ പിരിച്ചു വിടാന്‍ തൊഴിലുടമക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ 60 വയസ്സാക്കി ഉയര്‍ത്തിയതോടെ ഇത് സാധ്യമാവില്ല. വിരമിക്കല്‍ പ്രായത്തില്‍ സ്ത്രീ പുരുഷന്മാര്‍ വേര്‍ തിരിവ് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നടപടി.