ദില്ലി: സൈനികനിയന്ത്രണത്തില്‍ തുടരുന്ന ജമ്മു കശ്മീരില്‍ എന്താണ് നടക്കുന്നതെന്നറിയാതെ രാജ്യം.
ഇന്റര്‍നെറ്റ്, ഫോണ്‍ബന്ധം പൂര്‍ണമായി വിച്ഛേദിച്ചതോടെ കശ്മീര്‍ ഒറ്റപ്പെട്ടു.

താഴ്വര ശാന്തമാണെന്ന് പൊലീസും സൈന്യവും അവകാശപ്പെടുന്നുണ്ടെങ്കിലും നിഷ്പക്ഷവും സ്വതന്ത്രവുമായ റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ജമ്മുവില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ മാത്രമാണ് വാര്‍ത്താ ഏജന്‍സികള്‍ പ്രസിദ്ധീകരിച്ചത്. മറ്റ് മേഖലകളെ സംബന്ധിച്ച് ഒരു വിവരവുമില്ല. കശ്മീരിലെ മാധ്യമങ്ങളൊന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

ഞായറാഴ്ച അര്‍ധരാത്രി പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്.

ദില്ലിയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികള്‍ നാട്ടിലുള്ള മാതാപിതാക്കളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി.

‘ഞായറാഴ്ചയാണ് അവസാനം സംസാരിച്ചത്. എത്രയും പെട്ടെന്ന് വീട്ടിലേക്കെത്താന്‍ അവര്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. അതിനുശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല’- ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഐജാസ് അഹമ്മദ് റാത്തര്‍ പറഞ്ഞു.

തങ്ങള്‍ക്ക് സുഹൃത്തുക്കളോട് സംസാരിക്കാനോ പ്രതിഷേധിക്കാനോ കഴിയുന്നില്ലെന്നും അങ്ങേയറ്റം അസഹനീയമാണ് ഈ സാഹചര്യമെന്നും കശ്മീരികള്‍ പറയുന്നു. ‘മാനസിക പീഡനം’ എന്നാണ് ഒരു കശ്മീരി സംഭവത്തെ വിശേഷിപ്പിച്ചത്.

‘ഞാന്‍ വല്ലാത്ത ഭീതിയിലാണ്. എന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് നല്ല പേടിയുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരുമ്പോള്‍ ഭീതിയുണ്ടാവുന്നത് സ്വാഭാവികമാണ്.’ ജോലി തേടി കശ്മീര്‍ വിട്ട ഒരു യുവാവ് പറഞ്ഞു.

ഇതിനിടെ, പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഏകാന്ത തടവിലാണെന്ന് മകള്‍ ഇല്‍ത്തിജ ജാവേദ് പറഞ്ഞു. മാതാവിനെ കാണാനോ സംസാരിക്കാനോ അനുവാദമില്ല. ലാന്‍ഡ്, മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഇല്‍ത്തിജ മാധ്യമങ്ങളോട് പറഞ്ഞു.

ജയിലുകളായി മാറ്റപ്പെട്ട ഹോട്ടലുകള്‍, അതിഥി മന്ദിരങ്ങള്‍, സ്വകാര്യ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി 400ഓളം രാഷ്ട്രീയക്കാരാണ് അറസ്റ്റില്‍ കഴിയുന്നത്.