കശ്മീര്‍: രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് കേന്ദ്ര നീക്കമെന്ന് യെച്ചൂരി; നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്ന് ഡി രാജ; ദില്ലിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം

കശ്മീരിനെ വിഭജിച്ചതിനെതിരെയും പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം.

രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് കേന്ദ്ര നീക്കമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. കശ്മീരിലെ നിരോധനാജ്ഞ ഉടന്‍ തന്നെ പിന്‍വലിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ആവശ്യപ്പെട്ടു.

സിപിഐഎം, സിപിഐ, മറ്റ് ഇടത് സംഘടനകളും ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തില്‍ അണിനിരന്നത് ആയിരത്തിലേറെ പേരാണ്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

പലസ്തീനെ ഇസ്രായേല്‍ നേരിടുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാറിന്റെ കശ്മീര്‍ നടപടിയെന്നും, ഇത് കശ്മീരിന്റെ മാത്രം പ്രശ്‌നമല്ല രാജ്യത്തിന്റെ മുഴുവന്‍ പ്രശ്നമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വിമര്‍ശിച്ചു. കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. കശ്മീരില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.

വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News