സൗബിൻ ഹീറോയാടാ..ഹീറോ… ‘അമ്പിളി’ വെള്ളിയാഴ്ച എത്തുന്നു

മലയാള സിനിമയില്‍ സൗബിന്‍ സാഹിര്‍ അഭിനേതാവായി എത്തിയിട്ട് ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ ആയി. എന്നാല്‍ സൗബിന്‍ മലയാള സിനിമാലോകത്ത് അഭിനേതാവ് എന്ന നിലയില്‍ എത്തിയിട്ട് ഇരുപത്തി ഏഴ് വര്‍ഷങ്ങളായെന്നത് പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഫാസില്‍ സംവിധാനം ചെയ്ത ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി മുഖം കാട്ടിയത്. ഒരു ഗാനരംഗത്താണ് അന്ന് സൗബിന്‍ അഭിനയിച്ചത് .

എന്നാല്‍ അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗബിന്‍ അഭിനേതാവായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അതിന് കാരണമായതാകട്ടെ രാജീവ് രവിയും. ‘അന്നയും റസൂലും’ എന്ന ചിത്രത്തില്‍ അഭിനേതാവായി എത്തിയതിന് ശേഷം പിന്നീട് ഇങ്ങോട്ട് സൗബിന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുകയും ചെയ്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന കഥാപാത്രം സൗബിന് ഏറെ ജനപ്രീയത നേടികൊടുത്തു.

അതിനു ശേഷം ആദ്യമായി സൗബിന്‍ നായകനായത് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലാണ്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്‌സും വൈറസുമെല്ലാം സൗബിന്റെ മികച്ച പ്രകടനങ്ങള്‍ ചൂണ്ടി കാണിച്ച ചിത്രങ്ങളാണ് . സൗബിന്‍ നായകനായി ഒട്ടെറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം ഗപ്പി സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന ‘അമ്പിളി’യിലെ നായക വേഷമാണ്. ഏറെ നാളുകളുടെ തയ്യാറെടുപ്പിന് ശേഷമാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

പുതുമുഖം തന്‍വി റാമാണ് ചിത്രത്തില്‍ നായികയാകുന്നത്. നസ്രിയയുടെ അനിയന്‍ നവീന്‍ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി എന്ന പ്രത്യേകതയുമുണ്ട്. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശരണ്‍ വേലായുധനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ .

കിരണ്‍ ദാസാണ് ചിത്രത്തിന്റെ ചിത്രസംയോജകന്‍. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുമ്പോള്‍ മഷാര്‍ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനിംഗ് നടത്തിയിരിക്കുന്നു. ആര്‍ ജി വയനാടനാണ് മേക്കപ്പ് മാന്‍. ചിത്രത്തിന്റെതായി പുറത്തു വന്ന ഗാനങ്ങളും ടീസറും എല്ലാം തന്നെ പ്രേക്ഷകര്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അതെ പ്രതീക്ഷയോടെയാണ് അമ്പിളിക്കായി ആരാധകര്‍ കാത്തിരിക്കുന്നതെന്ന് ചുരുക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News