സര്‍ക്കാരിന്റെ അപ്പീലില്‍ ശ്രീറാമിന് ഹൈക്കോടതിയുടെ നോട്ടീസ്; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍.

മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയ കേസില്‍ ജാമ്യം നല്‍കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്റ എതിര്‍പ്പ് തള്ളിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിന് ജാമ്യം നല്‍കിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യമനുവദിച്ചത് അന്വേഷണത്തെക്കുറിച്ച് മുന്‍വിധിയുണ്ടാക്കാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. അതേ സമയം സംഭവത്തെ തുടര്‍ന്ന് കുറ്റാരോപിതന്റെ രക്ത സാമ്പിള്‍ എടുക്കാന്‍ വൈകിയതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

രക്ത പരിശോധന യഥാസമയം നടത്താനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഉന്നത സ്വാധീനമുള്ള പ്രതി സംഭവം നടന്നയുടന്‍ പോലീസിനെ തെറ്റിദ്ധരിക്കാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടമുണ്ടാകുമെന്ന ബോധ്യത്തോടെയാണ് ശ്രീറാം കാറോടിച്ചത്.

അപകടത്തിനു ശേഷം കിംസിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു.മദ്യപിച്ചു എന്നതിന്റെ തെളിവ് നശിപ്പിക്കാനായിരുന്നു ശ്രമം. ശ്രീറാമിനെപ്പോലെയുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.

അതിനാല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടു. അപ്പീലില്‍ കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസയച്ചു. തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here