ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഏറ്റെടുത്ത് പൊതുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ചിലര്‍ ചേര്‍ന്ന് ഇടുക്കിയിലെ മൊത്തം ജനങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കിയിലെ വികസനത്തിന് സഹാകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ചിലര്‍ ചേര്‍ന്ന് ഇടുക്കിയിലെ മൊത്തം ജനങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. സ്വന്തം സത്യസന്ധത തെളിയിക്കേണ്ട അവസ്ഥയാണ് ഇടുക്കിയില്‍ ജനിച്ചുപോയതുകൊണ്ട് അവിടത്തെ ജനങ്ങള്‍ക്കുള്ളത്. ഇതിന് പൂര്‍ണമായ പരിഹാരമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ തീരുമാനം അനുസരിച്ച് നിയമവ്യവസ്ഥ ലംഘിച്ചുള്ള പതിനഞ്ച് സെന്റിന് മുകളില്‍ ഭൂമിയോ ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളോ ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഏറ്റെടുക്കും. മറ്റുള്ള നിര്‍മാണങ്ങളില്‍ അത് ഉടമകള്‍ക്ക് തന്നെ നല്‍കാനാണ് തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് മറ്റെവിടേയും ഭൂമിയോ കെട്ടിടമോ ഇല്ലെന്ന് ഉറപ്പാക്കി മാത്രമെ ഈ ഇളവിന് പരിഗണിക്കു.

ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ കൃത്യം കണക്കെടുക്കും. ഭൂരഹിതര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 1,60,450 ആളുകള്‍ക്കാണ് പട്ടയം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളത്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍, നിര്‍മാണ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ചയാകുന്ന ഒന്നാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ താല്‍പര്യപ്പെട്ട് കുടിയേറിയവരുണ്ട്. അത് രേഖകളില്‍ തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് പരിശോധന നടത്തി അത് നല്‍കാനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതിനായി കലക്ടറെ ചുമതലപ്പെടുത്തി.

പ്രകൃതിയോട് യോജിച്ച് നില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം മൂന്നാര്‍ മേഖലയില്‍ അടക്കം ഉണ്ടാകേണ്ടത്. ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുണ്ട്, വീടിനും കൃഷിക്കുമായി പട്ടയം അനുവദിച്ചതും 12 വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ലാത്ത തുണ്ട് ഭൂമിയും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥിതിയും ഉണ്ട്. ഇങ്ങനെയുള്ള ഭൂമി ഒരുമിച്ച് വാങ്ങി ഒന്നാക്കിയ സ്ഥിതിയും ഉണ്ട്. ഇത് കൃത്യമായി അന്വേഷിച്ച് വേണം മറ്റ് നടപടികളിലേക്ക് കടക്കാന്‍.

ഉപജീവനത്തിന് വേണ്ടിമാത്രം ഉപയോഗിക്കുന്ന 1600 ചതുരശ്ര അടിയില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് മറ്റ് ഭൂമി ഇല്ലാ എങ്കില്‍ ഭൂചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കലക്ടര്‍ റിപ്പോര്‍ട്ട് നലകുന്നതിനനുസരിച്ചാകും ഇത്.

സര്‍ക്കാര്‍ ഭൂമിയിലുള്ള കയ്യേറ്റങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. രവീന്ദ്രന്‍ പട്ടയങ്ങളുടെ പരിശോധനയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. മൂന്നാറില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മുഖ്യപങ്കും സോളാറില്‍നിന്ന് ഉല്‍പാദിപ്പിക്കണം. മെച്ചപ്പെട്ട മാലിന്യ സംസ്‌ക്കരണ സംവിധാനവും ഏര്‍പ്പെടുത്തണം. ഇത് പരിശോധിക്കാനും കലക്ടറെ ചുമതലപ്പെടുത്തി.

ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ ഭൂകേന്ദ്രീകരണത്തിന്റേതായ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കര്‍ഷകരുടെ പട്ടയ പ്രശ്നത്തില്‍ നേരത്തേ തന്നെ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

ഇടുക്കിയില്‍ ഭൂമിയുടെ പട്ടയ പ്രശ്നം ഏറ്റവും സജീവമായി നിലനില്‍ക്കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലാണ്. ഇവിടെ എസ്ടി വിഭാഗത്തില്‍ 2824 പേര്‍ക്ക് 3023 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. എസ്സി വിഭാഗത്തില്‍പ്പെട്ട 12952 കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പട്ടം നല്‍കി. 5723 പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News