ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല; കേസില്‍ ആരേയും വെറുതെ വിടില്ല: മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പഴുതടച്ചുള്ള അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്നുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. തെറ്റിന്റെ ബോധ്യമുള്ളയാള്‍ തെറ്റ് ചെയ്യുമ്പോള്‍ അതിന്റെ ഗൗരവമേറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചും അമിത വേഗത്തിലും വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ അടക്കം പൊലീസിന് വീഴ്ചയുണ്ടായി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലും അപാത ഉണ്ടായി. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ല

സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റിന്റെ ബോധ്യമുള്ളയാള്‍ തെറ്റ് ചെയ്യുമ്പോള്‍ അതിന്റെ ഗൗരവമേറുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കും.

അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here