കശ്മീര്‍ താഴ്‌വര കലുഷിതമാവുന്നു; ഒരു മരണം; നൂറിലേറെപേര്‍ ആറസ്റ്റില്‍

പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കശ്‌മീരിൽ പ്രതിഷേധം വ്യാപിക്കുന്നു. രാഷ്ട്രീയ, മത, സാമൂഹ്യസംഘടനാ നേതാക്കൾ ഉൾപ്പെടെ 100 പേരെ അറസ്റ്റ്‌ ചെയ്‌തു.

ശ്രീനഗറിൽ നിരോധനാജ്ഞ ലംഘിച്ച്‌ പ്രകടനത്തിൽ പങ്കെടുത്തവരെ ലാത്തിച്ചാർജ്ജ്‌ ചെയ്‌തു. രക്ഷപ്പെടാൻ ഓടിയ യുവാവ്‌ ഝലം നദിയിൽ വീണുമരിച്ചു.

പരിക്കേറ്റ ആറുപേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ച്‌ ജില്ലയിൽ പ്രതിഷേധപ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പൊലീസുകാരന്‌ പരിക്കേറ്റു.

കാർഗിൽ ടൗണിൽ വിവിധ സംഘടനകൾ ഹർത്താൽ ആചരിച്ചു. നിരോധനാജ്ഞ ഏർപ്പെടുത്തിയത്‌ മുതൽ അക്രമങ്ങൾ ഉണ്ടായില്ലെന്ന്‌ പൊലീസും സൈന്യവും അവകാശപ്പെടുന്നതിനിടെയാണ്‌ പ്രതിഷേധം ശക്തമായത്‌.

ഇന്റർനെറ്റ്‌, ഫോൺ ബന്ധം വിച്ഛേദിച്ചതിനാൽ വാർത്തകൾ പുറം ലോകം അറിയുന്നില്ല. ദൂരദർശനും റേഡിയോയും മാത്രമാണ്‌ കശ്‌മീരിൽ ലഭിക്കുന്നത്‌.

കേബിൾ സംവിധാനങ്ങളെല്ലാം വിച്‌ഛേദിച്ചു. ദേശീയമാധ്യമ പ്രതിനിധികൾക്ക്‌ ഉൾപ്രദേശങ്ങളിലേക്ക്‌ പോകാൻ അനുമതിയില്ല. ഉപഗ്രഹഫോണുകൾ ഉപയോഗിച്ചാണ്‌ അധികൃതരുടെ ആശയവിനിമയം.

ബാങ്കുകളും സർക്കാർ ഓഫീസുകളും വ്യാഴാഴ്‌ചമുതൽ തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്‌.

ദേശീയസുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ഡോവൽ ഷോപ്പിയാനിൽ ആശയവിനിമയം നടത്തി. ഡിജിപി ദിൽബാഗ്‌സിങ്ങും സുരക്ഷാഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

ആശുപത്രികൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെന്നും അടിയന്തരസാഹചര്യങ്ങൾ നേരിടാൻ ഡോക്ടർമാർ തയ്യാറാണെന്നും ഗവർണർ സത്യപാൽ മല്ലിക്ക്‌ അറിയിച്ചു.

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്‌ബൂബ മുഫ്‌തി ഏകാന്തത്തടവിലാണെന്ന്‌ മകൾ ഇൽതജ ജാവേദ്‌ ആരോപിച്ചു. അമ്മയെ കാണാനോ സംസാരിക്കാനോ പൊലീസ്‌ അനുവദിക്കുന്നില്ലെന്നും ഇൽതജ ദേശീയമാധ്യമങ്ങളോട്‌ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here