ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍; ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാക് തീരുമാനം

ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയ സുക്ഷാസമിതി യോഗം തീരുമാനിച്ചു.

ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താൻ ബുധനാഴ്ച വൈകീട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിര്‍ദേശിച്ചു.
ഇന്ത്യയുടെ നടപടിക്കെതിരേ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തിൽ തീരുമാനമായി. പാക്‌ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീർ ജനതയ്ക്കുള്ള ഐക്യദാർഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ വ്യക്തമാക്കി.

ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ദില്ലിയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു.

ഇപ്പോൾ സ്ഥാനപതിയുടെ ചുമതല വഹിക്കുന്നത് പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മിഷണർ സയിദ് ഹൈദർ ഷായാണ്. പാക് സ്ഥാനപതിയായി നിർദേശിച്ചിരുന്ന മോയിൻ ഉൾ ഹഖ് ഓഗസ്റ്റ് 16-ന് ചുമതലയേൽക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതേസമയം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ നയതന്ത്രാലയത്തിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രാലയം പാക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here