ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹർജികൾ അടിയന്തരമായി ലിസ്റ്റ് ചെയ്യുന്നത് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അധികാരമാണെന്ന് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. ഇന്ത്യയുടെ ഘടനാഭേദഗതി ഐക്യരാഷ്ട്ര സഭ സ്റ്റേ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നും വിഷയം പരിഗണിക്കവേ കോടതി ചോദിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച രാഷ്‌ട്രപതിയുടെ വിജ്ഞാപനത്തിന് എതിരായ ഹർജി, പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി എന്നിവയാണ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി അയോധ്യ കേസുകളിൽ വാദം കേൾക്കുന്നതിനാൽ ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലായിരുന്നു കേസ് മെൻഷൻ ചെയ്തത്. ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ ലിസ്റ്റ് ചെയ്യുന്നത് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അധികാരം ആണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ വി രമണ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചത്.
വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. പാക്കിസ്ഥാൻ ഇന്ത്യൻ നടപടിക്കെതിരെ ഐക്യ രാഷ്ട്ര സഭയെ സമീപിക്കാൻ ഒരുങ്ങുന്നുവെന്നും അതിനാൽ ഹർജി അടിയന്തരമായി കേൾക്കണം എന്നായിരുന്നു ഹര്ജിക്കാരിൽ ഒരാളായ എം എൽ ശർമയുടെ വാദം. ഇന്ത്യയുടെ ഭരണ ഘടനാ ഭേദഗതി ഐക്യരാഷ്ട്ര സഭ സ്റ്റേ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ഇതിന് ജസ്റ്റിസ് എൻ വി രമണ നൽകിയ മറുപടി.
സാമൂഹ്യ പ്രവർത്തകനായ തെഹ്സീൻ പൂനവാലെയാണ് കശ്മീരിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകിയത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ കോടതി ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണം.
4ആം തീയതി മുതൽ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാക്കളെ അടിയന്തരമായി വിട്ടയ്ക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.