സ്വയം മരിച്ചതായി ചരമവാര്‍ത്ത നല്‍കി ഓട്ടോ തൊഴിലാളിയായ ഐഎന്‍ടിയുസി നേതാവ്. സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളെയും
്പ്രമുഖപത്രങ്ങളെയും ഒരുമിച്ചാണ് കബളിപ്പിച്ചിരിക്കുന്നത്. കേരളാ സര്‍വ്വകലാശാലക്ക് മുന്നില്‍ ഓട്ടോ ഓടിക്കുന്ന ഐന്‍ടിയുസി യൂണിറ്റ് കണ്‍വീനറായ സജികുമാറാണ് വിവിധ പത്രങ്ങളില്‍ മരിച്ചതായി അറിയിപ്പ് നല്‍കി മുങ്ങിയത്. ബാലരാമപുരം വെടിവെച്ചാന്‍കോവില്‍ കൊരണ്ടിവിളയിലാണ് താമസം. ഇന്ന് പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളിലെല്ലാം സജി കുമാറിന്റെ ചരമ അറിയിപ്പ് ഉണ്ട്. സഞ്ചയന തീയതി അടക്കം അറിയിപ്പായി നല്‍കിയ ശേഷമാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത് . എന്നാല്‍ ഇനിയാണ് രസം മരിച്ച സജികുമാര്‍ തന്നെ അല്‍പ്പ സമയം മുന്‍പ് വിളിച്ചതായി ഇതേ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന രതീഷ് കൈരളി ന്യൂസിനോട് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുളള ഇയാള്‍ ഭാര്യയെ പറ്റിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കൂടെ ഓട്ടോ ഓടിക്കുന്നവര്‍ കരുതുന്നത് . പത്രത്തിലെ ചരമ അറിയിപ്പ് കണ്ടതോടെ സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികള്‍ കണ്‍ടോണ്‍മെന്റ് പോലീസിന് പരാതി നല്‍കി.