കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍; 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍. ചാലിയാര്‍ കരകവിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ആളപായങ്ങളില്ല. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മലയോര മേഖലയിലും വന മേഖലയിലും മഴ ശമിച്ചിട്ടില്ല. കരുളായി-നിലമ്പൂര്‍ വനത്തില്‍ മൂന്നിടത്തായി ഉരുള്‍പ്പൊട്ടി.

ഈ വെള്ളം ചാലിയാറിലെത്തിയതോടെ നിലമ്പൂര്‍ നഗരം പൂര്‍ണമായി മുങ്ങി. കരിമ്പുഴ, കാഞ്ഞിരപ്പുഴ, നൂല്‍പ്പുഴ, ഒലിപ്പുഴ, കരുവാരക്കുണ്ട് പുഴ തുടങ്ങി ചാലിയാറിന്റെ പോഷകപ്പുഴകളുടെ ഓരങ്ങളെല്ലാം വെള്ളക്കെട്ടിലായി.

കരുളായി, ചാലിയാര്‍ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. മമ്പാട്-പുള്ളപ്പാടം തൂക്കുപാലം ഒലിച്ചുപോയി.
നിലമ്പൂര്‍ ഊട്ടി അന്തര്‍ സംസ്ഥാന പാതയും അരിക്കോട് മുക്കം സംസ്ഥാന പാതയും വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചു.

നാലാള്‍പൊക്കത്തിലാണ് നിലമ്പൂരില്‍ വെള്ളമെത്തിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കം രാത്രിയായതിനാല്‍ കടകളില്‍നിന്നും വീടുകളില്‍നിന്നും സാധനസാമഗ്രികള്‍ മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളാണ് മലപ്പുറം ജില്ലയില്‍ തുറന്നത്. 200 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പ്പൊട്ടിയ മേഖലകളില്‍ താമസിക്കുന്നവരെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

റെഡ് അലര്‍ട്ട് തുടരുന്ന പശ്ചാത്തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.

പ്രഫണല്‍കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി നല്‍കി. പാലക്കാട്ടെ അണക്കെട്ടുകളിലെ വെള്ളം ഒഴുകിയെത്തുന്നതോടെ ഭാരതപ്പുഴപ്പുഴയോരത്തും ജലനിരപ്പ് ഉയരും.

ആശങ്കയിലാണ് ജനങ്ങള്‍. തീരദേശത്തും കാറ്റും കടലാക്രമണവും രൂക്ഷമാണ്. ജാഗ്രതവേണമെന്ന് ജില്ലാ ഭരണകൂടം ഓര്‍മിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here