കനത്ത മ‍ഴ വെള്ളം കയറി ദേശീയപാത 766ല്‍ ഗതാഗതം തടസപ്പെട്ടു

ദേശീയപാതയില്‍ സൗത്ത് ഈങ്ങാപ്പുഴയിലും പുതുപ്പാടി വില്ലേജ് ഓഫീസിനടുത്തും ദേശീയപാത 766ല്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

മഴ നിലക്കാതെ പെയ്തതോടെ വൈകിട്ടോടെ ഈങ്ങാപ്പുഴ ടൗണിലും വെള്ളം കയറി. പുഴയില്‍ നിന്ന് വെള്ളം കയറിയാണ് ഗതാഗതം തടസപ്പെട്ടത്.

ദീര്‍ഘദൂര ബസുകളും ചരക്ക് വാഹനങ്ങടക്കമുള്ള വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. വലിയ വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത നിലയിലാണ്.

വൈകിട്ടും വെള്ളം ഇറങ്ങാത്ത സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്ക് പുറപ്പെട്ട ബസുകള്‍ തിരിച്ച് കോഴിക്കോട്ടേക്കും വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസുകള്‍ കല്‍പ്പറ്റയിലേക്കും വൈകിട്ട് ആറരയോടെ തിരിച്ചു വിട്ടു.

ചുരം ഒമ്പതാം വളവിലും ഒന്നാം വളവിലും മരം വീണു. കല്‍പ്പറ്റ നിന്നെത്തിയ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഒമ്പതാം വളവിലെ മരം മുറിച്ചു നീക്കിയത്.

മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒന്നാം വളവിലെ മരം നീക്കിയത്. മലവെള്ളപാച്ചിലില്‍ നൂറാംതോട്-അടിവാരം-തുഷാരഗിരി റോഡിലെ പോത്തുണ്ടിപ്പാലം തകര്‍ന്നു.

പുലിക്കയം ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന 8 കുടുംബങ്ങളിലെ 26 പേരെ കോടഞ്ചരി സെന്റ് ജോസഫ് ഹൈസ്‌കൂളിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here