കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികൾ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ തയ്യാറായതായി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

കൊല്ലം ഉൾപ്പടെയുള്ള ജില്ലകളിൽ നിന്ന് രക്ഷാ പ്രവർത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് നിരവധി മത്സ്യതൊഴിലാളികൾ ബന്ധപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ് ഉന്നത ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.

കടൽ സുരക്ഷാ സ്ക്വഡുകളിൽ പരിശീലനം നേടിയ 400 മൽസ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു.

പരിഭ്രമിക്കേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല. എന്നാൽ ഏതു പ്രതിസന്ധിയും നേരിടാൻ മത്സ്യ തൊഴിലാളികൾ മുന്നോട്ടു വരുമെന്ന് മന്ത്രി പറഞ്ഞു.