തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതിയില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായിറോഡിലുളള സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ഡോ. എം. കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാവും.
നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.എം നിയാസ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, സി.എം.ഡി ഡയറക്ടര്‍ ജി സുരേഷ്, കെ.ഡി.സി ബാങ്ക് ജനറല്‍ മാനേജര്‍ കെ.പി അജയകുമാര്‍, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീഷ് എന്നിവര്‍ സംസാരിക്കും.
രണ്ട് വര്‍ഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുളളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ലഭ്യമാക്കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org യില്‍ NDPREM ഫീല്‍ഡില്‍ ആവശ്യരേഖകളായ പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്‌ലോഡ് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം. തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുളള ലഘുവിവരണവും, രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും, മൂന്ന് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.
കുടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്ത് നിന്നും) (മിസ്ഡ് കോള്‍ സേവനം) 0471 2770581 നമ്പറിലും ബന്ധപ്പെടണം.
Get real time update about this post categories directly on your device, subscribe now.