അടുത്ത 24 മണിക്കൂറും അതിശക്തമായ മഴ; പ്രളയസ്ഥിതിയില്ല, ആശങ്ക വേണ്ട; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം:അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

അതിതീവ്ര മഴ ആണുള്ളത്. നദികളില്‍ അപകടകരമായ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പെരിയാര്‍, വളപട്ടണം പുഴ, മുതിരപ്പുഴ. ചാലക്കുടി പുഴ എന്നിവിടങ്ങളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വെള്ളം ഇനിയും ഉയരാനിടയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വീണ്ടും മഴയ്ക്ക് ഇടയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. ആഗസ്റ്റ് 15ന് വീണ്ടും മഴ ശക്തമാകാന്‍ ഇടയുണ്ടെന്നും പ്രവചനമുണ്ട്.

അതോടൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട് . കടലോര മേഖലകളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 5936 കുടുംബങ്ങളിലെ 22.165 പേര്‍ ക്യാമ്പുകളില്‍ എത്തിയിട്ടുണ്ട്.

ബാണാസുരസാഗര്‍ ഉടനെതന്നെ തുറക്കേണ്ട സാഹചര്യമുണ്ട്. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ കൊണ്ടാര്‍ കനാല്‍ തകര്‍ന്നിട്ടുണ്ട്. അതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ പെരിയാര്‍ നിറഞ്ഞ് ഒഴുകുകയാണ്. ആലുവ ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്.

വെള്ളപ്പൊക്കം കാരണം വാട്ടര്‍ അതോറിറ്റിയുടെ 58 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഒരുലക്ഷത്തി 66000 കണക്ഷനുകളെ ഇത് ബാധിച്ചു. വെള്ളം പൂര്‍ണ്ണമായി ഇറങ്ങിയാല്‍ മാത്രമെ ശരിയാക്കാന്‍ പറ്റു. അതുവരെ ടാങ്കറുകളില്‍ ശുദ്ധജലം എത്തിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ജില്ല ഭരണകൂടം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനങ്ങള്‍ ജാഗ്രതയോടെ നില്‍പ്പുണ്ട്. പ്രതികരണ സേനയുടെ 13 ടീമുകള്‍ സംസ്ഥാനത്ത് എത്തി കഴിഞ്ഞിട്ടുണ്ട്. മൂന്ന് കോളം സൈന്യം ഇപ്പോള്‍ തന്നെ രംഗത്തുണ്ട് മദ്രാസ് റെജിമെന്റിന്റെ 2 ടീം ഉടനെ പാലക്കാട് എത്തും.

സ്ഥലത്തുനിന്ന് മാറാതിരിക്കുന്നതുകൊണ്ട് ആരും അപകടത്തില്‍പെടാന്‍ പാടില്ല. രക്ഷാപ്രര്‍വത്തകര്‍ ആവശ്യപ്പെട്ടാല്‍ നിര്‍ബന്ധമായും മാറുക തന്നെ വേണം. കഴിഞ്ഞ പ്രളയത്തിന് അനുഭവം നമുക്കുണ്ട്. രക്ഷാപ്രവര്‍ത്തകരും ആയി സഹകരിക്കണം. ഈ സമയം മലയോരമേഖലകളിലെ വിനോദസഞ്ചാരം ഒഴിവാക്കണം. അപകട സാധ്യതയുള്ള റോഡുകള്‍, ഒഴുക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലൂടെയുള്ള വാഹനഗതാഗതം ഒഴിവാക്കണം.

വെള്ളം കയറും എന്ന് ഭയപ്പെടുന്ന മേഖലകളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണം. ജാഗ്രതവേണം എന്നത് പരിഭ്രാന്തരാകണം എന്നല്ല. കൂട്ടത്തോടെ പരിഭ്രാന്തരായാല്‍ അതുതന്നെ ആപത്താകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News