
കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പോലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു.
ലോക്കല്‍ പോലീസിനെ കൂടാതെ കേരളാ ആംഡ് പോലീസ് ബറ്റാലിയനുകള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്‌പോണ്‍സ് റെസ്‌ക്യൂ ഫോഴ്‌സ്, നാലു റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ദുരിതനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പോലീസിന്റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
വാര്‍ത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളില്‍ പോലീസിന്റെ വയര്‍ലസ് സെറ്റും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതിന് പോലീസ് സഹായം ലഭ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here