വടക്കന്‍ ജില്ലകളില്‍ കനത്ത മ‍ഴ തുടരുന്നു; രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയെന്നത് പ്രധാനമാണ്: മുഖ്യമന്ത്രി

വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനം-മുത്തപ്പന്‍ മല ഉരുള്‍പൊട്ടലില്‍ പിളര്‍ന്നു പോയി.

മണ്ണിനടിയില്‍ നാല്‍പതോളം പേര്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് കരുതുന്നത്. മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടുപേരെ രക്ഷപ്പെടുത്താനായി.

അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസ് സംഘവും ഫയര്‍ഫോഴ്സും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും രംഗത്തുണ്ട്.

അവിടേക്കുള്ള വഴി ദുഷ്കരമാണ്. പായങ്കര പാലം തകര്‍ന്നതിനാല്‍ വലിയ യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല.

എന്നാലും സാധ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മറ്റൊരു വലിയ അപകടമുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടിയിലാണ്. അവിടെ പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വയനാട് പുത്തൂര്‍ മലയിലുണ്ടായ ആ ഉരുള്‍പൊട്ടലില്‍ എത്ര പേര്‍ അപായപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിട്ടില്ല. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തപ്പിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്.

ജില്ലയിലാകെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് 3 മണിവരെയുള്ള കണക്കാണിത്. 15748 കുടുംബങ്ങളിലെ 64,013 പേര്‍ ഈ ക്യാമ്പുകളിലുണ്ട്.

സംസ്ഥാനത്താകെ 3 മണിവരെ കണക്കാക്കിയ മരണ സംഖ്യ 28 ആണ്. 7 പേര്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. 101 വീടുകള്‍ പൂര്‍ണമായും 1383 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

12 ദേശീയ ദുരന്തപ്രതികരണസേനാ ടീമുകളെ വിന്യസിക്കുന്നുണ്ട്. ഇതില്‍ മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂര്‍ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെ വിന്യസിച്ചുകഴിഞ്ഞു.

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ആര്‍മി യൂണിറ്റുകളെയും വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡഫന്‍സ് സര്‍വീസിനെയും നിയോഗിച്ചു.

ഇടുക്കിയിലും മലപ്പുറത്തും ആര്‍മി മദ്രാസ് രജിമെന്‍റിനെയാണ് വിന്യസിക്കുന്നത്. ഭോപാലില്‍ നിന്ന് ഡിഫന്‍സ് എഞ്ചിനീയറിംഗ് സര്‍വീസ് പുറപ്പെട്ടിട്ടുണ്ട്.

മഴയും മണ്ണിടിച്ചിലും മരങ്ങള്‍ വീഴുന്നതും കാരണം പല ഭാഗത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മലബാര്‍ മേഖലയിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടയിലാണ്.

സാധ്യമായ രീതിയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ റെയില്‍വെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിന്‍ നിലച്ചതിനാല്‍ വഴിയിലായവരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.  

അടിയന്തര ദുരിതാശ്വാസത്തിന് ഇരുപത്തിരണ്ട് കോടി അമ്പതു ലക്ഷം രൂപ ജില്ലകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.

സംസ്ഥാനത്ത് പെയ്യുന്ന മഴയ്ക്കു പുറമെ പ്രളയം സൃഷ്ടിക്കാന്‍ മറ്റു ചില കാരണങ്ങളും ഉണ്ട്. അതു മനസ്സിലാക്കിയാണ് തകര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ ആളിയാര്‍ കോണ്ടൂര്‍ കനാല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.  

കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയാണ്. പ്രളയം മൂലം നിറഞ്ഞുകവിയുന്ന ചാലകുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും നാശനഷ്ടങ്ങള്‍ക്കും ഇത് ഇടയാക്കുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് കോണ്ടൂര്‍ കനാലിന്‍റെ അറ്റകുറ്റപണി നടത്തണമെന്നാണ് നാം ആവശ്യപ്പെട്ടിട്ടുള്ളത്.

പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതു കൊണ്ട് തീരദേശങ്ങളിലെ ജാഗ്രത ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ പ്രവചിക്കുന്ന റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

തുടര്‍ച്ചയായി അതിതീവ്രമഴ പെയ്യുന്നത് വെള്ളപ്പെക്കത്തിന്‍റെയു ഉരുള്‍പൊട്ടലിന്‍റെയും അപകടം കൂടുതല്‍ വര്‍ധിപ്പിക്കും.

അതുകൊണ്ട് അസാധാരണമായ ഇടപെടല്‍ നടത്തി മുന്‍കരുതലുകള്‍ ഉറപ്പാക്ാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലത്തില്‍ വരെ കണ്‍ട്രോള്‍ റൂമുകള്‍ സദാ സജ്ജരായിരിക്കും.

രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂലമായി പ്രതികരിക്കണമെന്നത് പ്രധാനമാണ്. അപകട സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നത്. അതിനു മുന്നില്‍ അറച്ചു നില്‍ക്കരുത്. നിര്‍ബന്ധമായും

വൈദ്യുതി വകുപ്പിന്‍റെ അധീനതയിലുള്ള 7 അണക്കെട്ടുകള്‍  തുറന്നിട്ടുണ്ട്. ഇടുക്കിയിലെ ലോവര്‍പെരിയാര്‍, ഹെഡ് വര്‍ക്സ് മൂന്നാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കല്ലാര്‍, കോഴിക്കോട് ജില്ലയിലെ കക്കയം, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത് എന്നിവ. ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള മലമ്പുഴ, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, മങ്കലം, വാളയാര്‍, മലങ്കര എന്നീ 6 ഡാമുകള്‍ തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News