കവളപ്പാറ മണ്ണിടിച്ചില്‍; 60 പേരെ കാണാതായി, നാലുപേരുടെ മൃതദേഹം കണ്ടെത്തി ദൃക്‌സാക്ഷിയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നത്

നിലമ്പൂര്‍ പോത്ത്കല്ല് ഭൂദാനം മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 60 പേരെ കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറ തോടിന് സമീപമുള്ള കോളനിയിലെ മാതി, കൊച്ചുമകന്‍ ഗോകുല്‍, ആറുവയസുള്ള കുട്ടി, പട്ടേരി തോമസിന്റെ മകളായ അഞ്ചുവയസുകാരി എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്ത്. രണ്ട് പേരെ രക്ഷിച്ചു.

വ്യാഴാഴ്ച രാത്രി ഏഴരയ്ക്കാണ് ആദ്യം ഉരുള്‍പൊട്ടിയത്. മുത്തപ്പന്‍മല രണ്ടായി പിളര്‍ന്ന് വെള്ളം കുതിച്ചുപാഞ്ഞു. വീടുകളെല്ലാം മണ്ണിനടിയിലായി. അന്‍പതേക്കറോളം പ്രദേശം മണ്ണിളകിമറിഞ്ഞ നിലയിലാണ്. കവളപ്പാറ തോടിന്റെ ഇരുകരയിലേയും രണ്ട് കോളനികളിലെയും 30 വീടുകളാണ് മണ്ണിനടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനായത്. സമീപത്തെ പാതാറിലും ഉരുള്‍പൊട്ടി, ഏഴുപേര്‍ മണ്ണിനടിയില്‍ പെട്ടു.

‘ആ വീട്ടില്‍ 48 പേരുണ്ടായിരുന്നു’

കവളപ്പാറയിലെ ദുരന്തമുണ്ടായ സ്ഥലത്തെ വന്നിശേരി കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ 48 പേര്‍ ഉണ്ടായിരുന്നതായി പരിക്കുകളോടെ രക്ഷപ്പെട്ട ജയന്‍ പറഞ്ഞു. കുണ്ടറക്കാടന്‍ കൃഷ്ണന്‍, ഭാര്യ, മകന്‍, വന്നിശേരി അയ്യപ്പന്‍, സുകുമാരന്റെ കുടുംബം, ശിവന്‍പിള്ളയുടെ മകന്‍ പ്രമോദ്, പ്രമോദിന്റെ ഭാര്യ, രണ്ട് മക്കള്‍, വേങ്ങലത്ത് ചന്ദ്രന്റെ കുടുംബം, അപ്പുവിന്റെ മരുമകള്‍, ആദിവാസി കോളനിയിലെ രാജേഷ്, വിനോദ് എന്നിവരെല്ലാം ദുരന്തമുഖത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് ജയന്‍ പറഞ്ഞു.

മല ഇടിയാനുള്ള സാധ്യതകണ്ട് കോളനിയിലുള്ളവരെ മാറ്റാന്‍പോയതായിരുന്നു ജയന്‍. കൂടെയുണ്ടായിരുന്ന അനീഷിനെ ഉരുള്‍പൊട്ടലില്‍ കാണാതായി. ജയന്‍ ഒപ്പം കൂട്ടിയ അപ്പുവും കുടുംബവും അപകടത്തില്‍പെട്ടതായി സംശയിക്കുന്നു. കവളപ്പാറ തോട് കരകവിഞ്ഞപ്പോള്‍ മലമുകളിലെ മുഹമ്മദിന്റെ വീട്ടിലേക്ക് കയറിയ ഗോപിയും ഒമ്പതംഗ കുടുംബവും ഉരുള്‍പൊട്ടലില്‍ അകപ്പെട്ടു. ഗോപിമാത്രം രക്ഷപ്പെട്ടു.

റോഡ് ഗതാഗതം മുടങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ മാത്രമേ കവളപ്പാറയിലെത്താവൂയെന്ന് ദുരന്തമുഖത്ത് ആദ്യമെത്തിയ പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News