കശ്മീർ വെട്ടിമുറിക്കൽ ഇന്ത്യയെ ബാധിച്ചിരിക്കുന്ന ഒരു മഹാമാരിയുടെ വിളംബരമാണ്. രണ്ടാം മോഡി സർക്കാരിന്റെ വരവോടെ ഇന്ത്യ സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് നീങ്ങിയിരിക്കുന്നുവെന്നുമാത്രമല്ല, വേണ്ടിവന്നാൽ ഫാസിസ്റ്റ് രീതിയിൽ പ്രവർത്തിക്കുമെന്ന മുന്നറിയിപ്പും വന്നിരിക്കുകയാണ്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ, ഇനി രാജ്യത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനുവേണ്ടി ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനാമൂല്യങ്ങളും തകർക്കപ്പെടുമെന്നും സ്വേച്ഛാധിപത്യത്തിന്റെ വഴി ശക്തിപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അത് അക്ഷരംപ്രതി ശരിയാണെന്ന് കശ്മീർ നിയമനിർമാണം ബോധ്യപ്പെടുത്തുന്നു.

അവസാനത്തെ കൈത്താങ്ങും ഇല്ലാതാക്കി

അടിയന്തരാവസ്ഥയെ കടത്തിവെട്ടുന്ന രീതിയിലുള്ള സ്വേച്ഛാധിപത്യ നടപടിയാണ്  ഉണ്ടായിരിക്കുന്നത്. കശ്മീരിന്റെ നാവ് അരിഞ്ഞ കിരാതനടപടികൾ അവിടെ സ്വീകരിച്ചു. സിപിഐ എം നേതാവ്  യൂസഫ് തരിഗാമി ഉൾപ്പെടെയുള്ളവരെ തടങ്കലിലാക്കി. രാഷ്ട്രപതിയെ റബർ സ്റ്റാമ്പാക്കി. 65 വർഷമായി ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ 370–ാം ഭരണഘടനാ വകുപ്പും ജനങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന 35എ വകുപ്പും ഇല്ലാതാക്കി.

രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ ഒന്നിനെ പൂർണ പദവിയില്ലാത്ത രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും അതിലൊന്നിൽ നിയമസഭ ഇല്ലെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണം അനുവദിച്ച  370–ാം അനുച്ഛേദവും ജമ്മു കശ്മീർ, ലഡാക്ക് മേഖലയിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35എ അനുച്ഛേദവും ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ചരിത്രപരമായ പശ്ചാത്തലത്തിലാണ്.

ഇതുപ്രകാരം പ്രത്യേക ഭരണഘടനയും പതാകയും പൗരത്വനിയമവും വസ്തുനിയമവും ഉണ്ടായിരുന്നു. ഇതെല്ലാം ഞൊടിയിടയിൽ ഇല്ലാതാക്കിയിരിക്കുകയാണ്. ഒരു ജനതയുടെ ശാക്തീകരണത്തിനായി നൽകിയ അവസാനത്തെ കൈത്താങ്ങും ഇല്ലാതാക്കി, ഒരു പ്രദേശത്തിന്റെ ജനസംഖ്യാനുപാതത്തിൽ മാറ്റംവരുത്താനും കശ്മീരികളെന്ന ജനവിഭാഗത്തെ ഇന്ത്യൻ ഭൂപടത്തിൽനിന്ന് തുടച്ചുനീക്കാനുമുള്ള ചരിത്രപരമായ വിഡ്ഢിത്തമാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്. ഇത് ഏറ്റവും ഹീനമായ നടപടിയാണ്.

1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യ‐പാകിസ്ഥാൻ എന്നീ രണ്ട് പരമാധികാര രാഷ്ട്രങ്ങളായി തിരിഞ്ഞ കാലത്തേക്ക് ഒന്ന് കണ്ണോടിക്കുക. പുതിയ രണ്ട് പരമാധികാര രാഷ്ട്രങ്ങളിൽ ഏതിനോട് ഓരോ നാട്ടുരാജ്യവും ചേർന്ന് നിൽക്കണമെന്ന് അതത് നാട്ടുരാജ്യങ്ങൾക്ക് തീരുമാനിക്കാനുള്ള അവകാശവും അധികാരവുമുണ്ടായിരുന്നു. കശ്മീർ ഇന്ത്യയിൽ ചേരാനെടുത്ത തീരുമാനം അന്നത്തെ മഹാരാജാവ് ഹരിസിങ്ങിന്റെ തീരുമാനമാണെന്ന വാദം വെറും ഔപചാരികംമാത്രം.

സ്വാതന്ത്ര്യസമരത്തിൽനിന്ന് അകന്നുനിന്ന ആർഎസ്എസ് കശ്മീർ ഇന്ത്യയുടെ ഭാഗമാക്കാൻ ഇടപെട്ടിരുന്നുവെന്ന അവകാശവാദമാകട്ടെ തികഞ്ഞ അസംബന്ധവും. കശ്മീർ സ്വതന്ത്ര രാജ്യമായി നിൽക്കണമെന്നായിരുന്നു ഹരിസിങ്ങിന്റെ ആദ്യനിലപാട്. ഗോത്രവർഗക്കാരെന്ന വ്യാജേന ഉണ്ടായ പാകിസ്ഥാൻ ആക്രമണത്തിന്റെ അവസരത്തിലാണ് ഇന്ത്യൻ പട്ടാളത്തിന്റെ സഹായം ഹരിസിങ് തേടിയത്.

അതിന്റെ ഉപാധിയായി ഇന്ത്യയോട് സംയോജിക്കാമെന്ന വ്യവസ്ഥയുണ്ടാക്കി. ഇതിനപ്പുറം അന്നത്തെ കശ്മീർ നാഷണൽ കോൺഫറൻസും അതിന്റെ നേതാവായ ഷെയ്ഖ് അബ്ദുള്ളയും ആ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്ന ജനലക്ഷങ്ങളും നടത്തിയ ജനകീയ ഇടപെടലാണ് കശ്മീരിനെ ഇന്ത്യയോട് ചേർത്തത്. അന്ന് ആ ജനതയ്ക്ക് ഇന്ത്യ നൽകിയ വാഗ്ദാനത്തിന്റെ ഫലപ്രാപ്തിയാണ് 370–ാം വകുപ്പും 35എ വകുപ്പും. എന്നാൽ, ആ ചരിത്രമെല്ലാം ഞൊടിയിടയിൽ വിസ്മരിക്കപ്പെടുന്നു. ആദ്യം രാഷ്ട്രപതിയുടെ ഉത്തരവ്, പിന്നാലെ പാർലമെന്റ് പ്രമേയം. തുടർന്ന് രാഷ്ട്രപതിയുടെ വിജ്ഞാപനം– ഇവയിലൂടെ ജമ്മു കശ്മീർ എന്ന ലോകത്തിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാനത്തെ ഇല്ലാതാക്കിയിരിക്കുന്നു.

ഈ വിഷയത്തിൽ പാർലമെന്റിൽ ബിജെപിക്ക് അനുകൂലമായ നിലപാട് പ്രതിപക്ഷത്തെ പല കക്ഷികളും സ്വീകരിച്ചു. ചാഞ്ചാട്ടമില്ലാത്ത നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ്. കോൺഗ്രസാകട്ടെ അടിമുടി പതറുകയും കാൽവഴുതുകയും ചെയ്തു. കോൺഗ്രസ് രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വർ കാലിത എംപിസ്ഥാനം രാജിവച്ചു.

പാർടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ, ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന ജനാർദൻ ദ്വിവേദി, ഹരിയാന മുൻ മുഖ്യമന്ത്രിയുടെ മകൻ ദീപേന്ദർ ഹുഡ, മുതിർന്ന നേതാവ് അനിൽ ശാസ്ത്രി, റായ്ബറേലി (യുപി) എംഎൽഎ അദിതി സിങ് ഇങ്ങനെ മോഡി സർക്കാരിനെ അനുകൂലിച്ചവരുടെ എണ്ണം  ചെറുതല്ല. ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാകട്ടെ സെൽഫ് ഗോളടിച്ചു.

തർക്കത്തിന്റെ നടുവിൽ കോൺഗ്രസ് പ്രവർത്തക സമിതി ചേർന്നപ്പോഴാകട്ടെ കടുത്ത വാദപ്രതിവാദങ്ങൾക്ക് യോഗം വേദിയായി എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മോഡിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവരായി ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ അണിനിരന്നു. ഇതെല്ലാം കാരണം കശ്മീർവിഷയത്തിൽ നിലപാട് സ്വീകരിക്കുന്നതിന് കോൺഗ്രസിന്റെ വിശാലയോഗം ചേരാൻ നിശ്ചയിച്ചിരിക്കുകയാണ്. പ്രവർത്തക സമിതി യോഗത്തിൽ എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, പി സി ചാക്കോ എന്നിവർ മൗനംപാലിച്ചെന്നാണ് മനോരമ പറഞ്ഞിരിക്കുന്നത്. നിർണായക ഘട്ടങ്ങളിലെ ഈ മൗനത്തെ ജനങ്ങൾ തിരിച്ചറിയും.

സിപിഐ എമ്മിന്  ഉറച്ച നിലപാടുണ്ട്

കശ്മീർവിഷയം കോൺഗ്രസിൽ പലപ്പോഴും കലഹവിഷയമായിട്ടുണ്ട്. അനേകവർഷത്തെ ജയിൽജീവിതത്തിനുശേഷം 1968ൽ മോചിതനായ ഷെയ്ഖ് അബ്ദുള്ള ഡൽഹിയിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനായി കരം നീട്ടിയിരുന്നു. എന്നാൽ, മന്ത്രിസഭയിലെ കടുംപിടിത്തക്കാർ ഷെയ്ഖ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തുന്നതിനെ എതിർത്തു.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഇന്ത്യൻ ഭരണഘടന തൊട്ട് ഷെയ്ഖ് അബ്ദുള്ള പ്രതിജ്ഞയെടുക്കണമെന്നും, അതിനുവേണ്ടി കുളിച്ച് ഈറനുടുത്ത് കത്തിച്ച നിലവിളക്ക് തെളിയിക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കശ്മീരിലേക്ക് മടങ്ങിയ ഷെയ്ഖ് അബ്ദുള്ള പിന്നീട് ശ്രീനഗറിൽ കശ്മീർ പീപ്പിൾസ് കൺവൻഷൻ സംഘടിപ്പിച്ചു. അത് ഉദ്ഘാടനം ചെയ്തത് ജയപ്രകാശ് നാരായണനാണ്.

അന്നും അതിനുശേഷം ഫറുഖ് അബ്ദുള്ള  ഉൾപ്പെടെയുള്ള നേതാക്കളുടെ മുൻകൈയിലും സംഘടിപ്പിച്ച ദേശീയ കൺവൻഷനുകളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായ ജ്യോതി ബസു, ഇ എം എസ്, ഹർകിഷൻസിങ് സുർജിത്, ഇ കെ നായനാർ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു.

അന്നും ഇന്നും സിപിഐ എമ്മിന് കശ്മീർവിഷയത്തിൽ ഉറച്ച നിലപാടുണ്ട്. (ഒന്ന്) കശ്മീർ ഇന്ത്യൻ യൂണിയന്റെ അവിഭാജ്യ ഭാഗമാണ്. (രണ്ട്) കശ്മീർ ജനതയെ കൂടെനിർത്തി അവരുടെ വിശ്വാസമാർജിച്ചേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അതിന് കശ്മീരിന് സ്വയംഭരണവും പ്രത്യേക നിയമവും ഭരണഘടന പ്രകാരം നൽകിയിരിക്കുന്നത് നിഷേധിക്കരുത്. (മൂന്ന്) കശ്മീർ ഒരു അന്താരാഷ്ട്ര വിഷയമാക്കാനുള്ള പാകിസ്ഥാൻ നിലപാട് തള്ളണം.

എന്നാൽ, ഇങ്ങനെയൊരു സുവ്യക്തമായ നയസമീപനം കോൺഗ്രസിനില്ല. മുമ്പുമുതലേ ഈ വിഷയത്തിൽ സ്വീകരിച്ച ചാഞ്ചാട്ടസമീപനം പരകോടിയിലെത്തിയിരിക്കുന്നു. മുസ്ലിംവിരുദ്ധതയിലൂന്നി ഹിന്ദുവികാരം കത്തിച്ച് വോട്ട് തട്ടാനുള്ള ബിജെപി ‐ ആർഎസ്എസ് അജൻഡയെ മതനിരപേക്ഷതയുടെ പ്രതലത്തിൽനിന്ന് ചെറുത്ത് തോൽപ്പിക്കുകയാണ് ആവശ്യം. അതിൽ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുന്നു.

പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ കോൺഗ്രസ് എംപിമാർ മോഡി സർക്കാരിനെ പിന്തുണയ്ക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. രണ്ടാം മോഡി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനമാണ് ഇപ്പോൾ കഴിഞ്ഞത്. ഇരുപതോളം സുപ്രധാന ബില്ലുകൾ പാസായി. ദോശ ചുട്ടെടുക്കുന്ന ലാഘവത്തിലാണ് നിയമനിർമാണം നടന്നത്. മുത്തലാഖ് ബിൽ, യുഎപിഎ നിയമഭേദഗതി തുടങ്ങിയവയുടെ കാര്യത്തിലെല്ലാം കോൺഗ്രസ് ചാഞ്ചാടി.

വ്യക്തികളെ ഭീകരവാദികളായി മുദ്രകുത്തി, വിചാരണകൂടാതെ തടങ്കലിൽ ഇടാനുള്ള യുഎപിഎ നിയമഭേദഗതിയെ കോൺഗ്രസ് അനുകൂലിച്ചെന്നത് നാണക്കേടാണ്.  കോൺഗ്രസിന്റെ ഇത്തരം സമീപനത്തെ മുസ്ലിംലീഗ് എങ്ങനെ വിലിയിരുത്തുമെന്നറിയാൻ രാഷ്ട്രീയ കേരളത്തിന് സ്വാഭാവികമായി താൽപ്പര്യമുണ്ട്. മുസ്ലിംലീഗ് പ്രധാനഘടകമായ യുഡിഎഫിന്റെ പ്രതിനിധികളായി കേരളത്തിൽനിന്ന് 15 കോൺഗ്രസ് നേതാക്കൾ ലോക്സഭയിലെത്തിയിട്ടുണ്ട്. മോഡി സർക്കാരിനെ പിന്തുണച്ചുകൊണ്ട് ഇവരും വോട്ട് ചെയ്തിട്ടുണ്ട്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ വഴിതെറ്റലിനെ തുറന്ന് എതിർക്കാനും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനും മുസ്ലിംലീഗ് തയ്യാറാകുമോ?

കശ്മീർ നിയമനിർമാണത്തിലൂടെ മോഡി സർക്കാരും ആർഎസ്എസും ചെയ്തിരിക്കുന്നത് ഹിന്ദു വർഗീയതയും മുസ്ലിം മൗലികവാദവും അന്യോന്യം പോഷിപ്പിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതത്വബോധം സൃഷ്ടിച്ചു. മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷവും രാജ്യസ്നേഹികളാണ്.

എന്നാൽ, കശ്മീരിന്റെ മുറിവിനെത്തുടർന്ന് മുസ്ലിംവിഭാഗത്തിൽ മൗലികവാദികൾക്ക് കടന്നുകയറാൻ സാഹചര്യമൊരുക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇന്ത്യൻ ജനതയുടെയും ഇന്ത്യയുടെയും ഒരുമയ്ക്കുവേണ്ടി പോരാടാനും മതാധിഷ്ഠിത രാഷ്ട്രീയനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന മോഡി സർക്കാരിന്റെ നയങ്ങളെ തുറന്നുകാട്ടാനുമുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ സമരമാണ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക.