ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല പെരുമഴയിലും തിളങ്ങി ‘അമ്പിളി’. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമായ അമ്പിളി തീയറ്ററുകളില്‍ എത്തിയപ്പോള്‍ ചിത്രം പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന കാഴ്ച്ചയാണ് തീയറ്ററുകളില്‍ കാണാന്‍ കഴിയുന്നത്.

മനോഹരമായൊരു ചലച്ചിത്രകാവ്യം എന്ന് അമ്പിളിയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.പേരുപോലെ തന്നെ പ്രകാശം പരത്തുന്ന ചിത്രം.

സൗബിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളില്‍ ഒന്ന്.കട്ടപ്പനയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പിന്നീട് അങ്ങോട്ട് ഒരു ട്രാവല്‍ സിനിമയായി മാറുകയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനളിലെ മനോഹര ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നുണ്ട് ചിത്രം .

സ്‌നേഹം ഭ്രാന്താണെങ്കില്‍ ഏറ്റവും വലിയ ഭ്രാന്താന്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ അമ്പിളിയാണെന്ന് പറയാം കളിതമാശകളില്‍ ജീവിക്കുന്ന അമ്പിളിക്ക് ചുറ്റിലുമുള്ള എല്ലാത്തിനോടും സ്‌നേഹമാണ്. ആ സ്‌നേഹം അവന്‍ അവന് ചുറ്റിലും വരുന്നവര്‍ക്കു കൂടി തേന്‍ മധുരം പോലെ പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്.

ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും ബുദ്ധിയുള്ളവരെക്കാള്‍ മനോഹരമായാണ് അവന്‍ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. കളിക്കൂട്ടുകാരിയോടുള്ള അവന്റെ പ്രണയം മനോഹരങ്ങളായ പൂക്കളില്‍ നിന്നുള്ള മധുരമുള്ള തേന്‍ പോലെയാണ്. അവള്‍ അത് ആസ്വദിക്കുന്നുമുണ്ട് അതുകൊണ്ട് തന്നെ അവനെ നഷ്ട്ടപ്പെടാന്‍ അവള്‍ ആഗ്രഹിക്കുന്നുമില്ല. വിവാഹക്കാര്യം അവളോട് വീട്ടുകാര്‍ പറയുമ്പോള്‍ അവള്‍ അവരോടും അവനോടുള്ള പ്രണയം വെളിപ്പെടുത്തുന്നു.

അതെ കാഴ്ച്ചകാര്‍ക്കും സ്‌നേഹിക്കാതിരിക്കാനാവില്ല അമ്പിളിയെ അവന്‍ സ്‌നേഹത്തെ നേര്‍ത്ത മഞ്ഞു തുള്ളി പോലെ പ്രേക്ഷകരുടെ നെഞ്ചകത്തേക്ക് ഒഴുക്കുകയാണ്. എന്തായാലും ജോണ്‍പോളിന്റെ രണ്ടാം ചിത്രവും ആദ്യ ചിത്രത്തെ പോലെ മനം നിറക്കുന്നതാണ് അത്ര ലളിതസുന്ദരമായാണ് അയാള്‍ പ്രേക്ഷകരെ അമ്പിളിക്കൊപ്പം യാത്ര ചെയ്ക്കുന്നത്.

മനോഹരമായ ദൃശങ്ങള്‍ പ്രേക്ഷകര്‍ക്കായി പകര്‍ത്തിയ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നു കൂടാതെ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടവയാണ്. കൂടാതെ ചിത്രത്തിന്റെ കലാസംവിധാനമികവും അമ്പിളി അഴകേറുന്നതിന് കാരണമായിട്ടുണ്ട്.

അമ്പിളിയുടെ പ്രണയിനി ടീനയായെത്തിയ തന്‍വി റാമും ,ടീനയുടെ സഹോദരന്‍ ബോബി കുട്ടനായെത്തിയ നവീന്‍ നസീം തുടക്കകാരുടെ പതര്‍ച്ചകള്‍ ഇല്ലാതെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വെട്ടുകിളി പ്രകാശ്, ജാഫര്‍ ഇടുക്കി, നീനാകുറുപ്പ്, സൂരജ്, ശ്രീലതാ നമ്പൂതിരി, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ്, കൊച്ചു പ്രേമന്‍ തുടങ്ങിയ വലുതും ചെറുതുമായ വേഷത്തില്‍ എത്തിയതാരങ്ങള്‍ എല്ലാം തന്നെ അവരവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.

ശരണ്‍ വേലായുധന്‍ എന്ന ഛായാഗ്രാഹകന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും അമ്പിളി എന്ന് നിസംശയം പറയാം അത്ര മനോഹരമാണ് സിനിമയിലെ ദൃശ്യങ്ങള്‍ എല്ലാം തന്നെ. വിഷ്ണുവിജയ് -വിനായക് ശശികുമാര്‍ ടീം ഒന്നിക്കുമ്പോള്‍ ഇനിയും മനോഹര ഗാനങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ് അത്രമേല്‍ ആഴത്തിലാണ് ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.