കോ‍ഴിക്കോട് 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി

കോ‍ഴിക്കോട്  ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. മാവൂർ, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ, പെരുവയൽ, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്.

ഇതിൽ മാവൂർ, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ തുടരുമ്പോഴും പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയ്ക്കൊപ്പം മത്സ്യത്തൊഴിലാളികളും സജീവമായ രക്ഷാപ്രവർത്തനം തുടരുകയാണ്.

കൊയിലാണ്ടി, മൂടാടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, നൈനാംവളപ്പ് തുടങ്ങി ജില്ലയിലെ ഏതാണ്ടെല്ലാ തീരപ്രദേശങ്ങളിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

കൂടാതെ പോലീസിൻറെ 3 ബോട്ടുകളും ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉണ്ട്. പൂനൂർ പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനാൽ കക്കോടി ബണ്ടിന് സമീപപ്രദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം.

ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടും എന്നാണ് അറിയിപ്പ്. മഴക്കെടുതിയിൽ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ എമർജൻസി കൺട്രോൾ റൂം നമ്പറിൽ 9633197502 ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here