ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക ഒഴുകുന്നത്. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പ്രളയഭീതിയുളളതിനാല്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി സുരക്ഷ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി.മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാദൗത്യത്തിനായി തിരിച്ച സൈന്യം ചാലിയാറില്‍ വെള്ളപ്പാച്ചില്‍ കാരണം പുഴ കടക്കാനാകാത്ത അവസ്ഥയിലാണ്. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാവുകയാണ്. കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും ഇന്ന് ഒരോ മൃതദേഹം വീതം കണ്ടെത്തി. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ മഴയ്ക്കു കുറവുണ്ട്. വന്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ നിലമ്പൂര്‍ കവളപ്പാറയിലും മേപ്പാടി പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമെങ്കിലും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ പതിനൊന്നരയോടെ വീണ്ടും ഉരുള്‍പൊട്ടിയത് തിരച്ചിലിന് വെല്ലുവിളിയായി. ദുരന്തനിവാരണ സേന തിരച്ചില്‍ കുറച്ച് സമയത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി.

കവളപ്പാറയില്‍ നിന്ന് രണ്ടു കുട്ടിയുടേതടക്കം നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 കുടുംബങ്ങളിലെ 42 പേര്‍ മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. അതേസമയം പുത്തുമലയില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി.കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുന്നു. അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ള കുടുംബത്തെ രക്ഷിച്ച് മറുകരയിലെത്തിച്ചു.