കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമായി; കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി; മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത

കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമായി. കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നു.

കിഴക്കൻ മേഖലയിൽ നിന്ന് വെള്ളമിറങ്ങിയതിന് പിന്നാലെ മഴയും ശക്തമായതോടെ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലാണ്.

ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായതും അപകട സാധ്യത ഇല്ലാതാക്കി.

കോട്ടയം ജില്ലയില്‍ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുമായി എന്‍ജിന്‍ ഘടിപ്പിച്ച 41 വള്ളങ്ങളും മത്സ്യത്തൊഴിലാളികളും തയ്യാറായി കഴിഞ്ഞു.

ചെമ്പ്, തലയാഴം, കാട്ടിക്കുന്ന് മേഖലകളില്‍ നിന്ന് 34 വള്ളങ്ങളും കുമരകത്തു നിന്ന് അഞ്ച് വള്ളങ്ങളും പള്ളത്തു നിന്ന് രണ്ട് വള്ളങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ഇതുവരെ ആകെ 65 ക്യാമ്പുകൾ തുറന്നു.749 കുടുംബങ്ങളിൽ നിന്നായി 2603 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്.

സന്നദ്ധസംഘടനകളും പ്രവര്‍ത്തകരും നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.

ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം അവര്‍ മുഖേന മാത്രം വിതരണം നടത്താന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

മഴ ശക്തമായാൽ കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നാല്‍ ചങ്ങനാശേരി മേഖലയിലേക്ക് ആളുകള്‍ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

അങ്ങനെയെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരും. പ്രളയ സാധ്യതാ മേഖലകളില്‍നിന്ന് ആളുകളെ സമയബന്ധിതമയി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

അടിയന്തരസാഹചര്യത്തില്‍ വീടുകള്‍ ഒഴിയാനുള്ള നിര്‍ദേശം അനുസരിക്കാത്തവരെ പോലീസ് സഹായത്തോടെ മാറ്റാന്‍ നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഖനനം ശ്രദ്ധയില്‍പെട്ടാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News