രണ്ട് ദിവസത്തിനുള്ളില്‍ 80 ഉരുള്‍പൊട്ടല്‍; 57 മരണം; പെയ്തിറങ്ങുന്ന ദുരന്തം

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളിൽ എട്ട് ജില്ലയിലായി എൺപതോളം ഉരുൾപൊട്ടൽ ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദുരന്തം നേരിടാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ്‌. ഉരുൾപൊട്ടൽ വൻതോതിലുണ്ടാകുന്നു.

വീടുകളും സ്ഥാപനങ്ങളും ജനങ്ങളും ഓർക്കാപ്പുറത്ത് അപകടത്തിൽപ്പെടുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് മിക്ക ദുരന്തങ്ങളും. ശനിയാഴ്‌ച ഉന്നതതല അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മരണം 57
തിരുവനന്തപുരം: മഴക്കെടുതിയിൽ മരണസംഖ്യ 57 ആയി. ശനിയാഴ്‌ച മാത്രം 17 മരണം സ്ഥിരീകരിച്ചു. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10, കണ്ണൂർ 5, ഇടുക്കി 4, തൃശ്ശൂർ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് മരണസംഖ്യ. 1318 ദുരിതാശ്വാസ ക്യാമ്പിലായി 1,65,519 പേരാണുള്ളത്‌. 46,400 കുടുംബങ്ങളിലുള്ളവരാണിവർ.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത്. 287 ക്യാമ്പുകളിലായി 37,409 പേർ. വയനാട് 197 ക്യാമ്പുകളിലായി 32,276 പേരുണ്ട്‌.

മലപ്പുറത്ത് 185 ക്യാമ്പിലായി 24,151 പേരും എറണാകുളത്ത് 133 ക്യാമ്പിൽ 23,158 പേരും തൃശൂരിൽ 149 ക്യാമ്പിൽ 18,684 പേരും കഴിയുന്നു. സംസ്ഥാനത്താകെ 198 വീട്‌ പൂർണമായും 2303 വീട്‌ ഭാഗികമായും തകർന്നു.

കോട്ടക്കുന്നിൽ കണ്ടെത്താനായില്ല
മലപ്പുറം: കോട്ടക്കുന്നിൽ ഉരുൾപൊട്ടി മണ്ണിടിഞ്ഞ്‌ കാണാതായവരെ ഇനിയും കണ്ടെത്താനായില്ല. ചാത്തംകുളം സത്യന്റെ ഭാര്യ സരോജിനി (50), മരുമകൾ ഗീതു (22), ഒന്നര വയസായ പേരക്കുട്ടി എന്നിവരാണ്‌ മണ്ണിനടിയിലാണ്‌.

കവളപ്പാറയിൽ 6 മൃതദേഹംകൂടി കണ്ടെത്തി
എടക്കര (മലപ്പുറം): 64 പേർ മണ്ണിനിടയിൽപെട്ട നിലമ്പൂർ പോത്ത്കല്ല് കവളപ്പാറയിൽ ശനിയാഴ്ച ആറു പേരുടെ മൃതദേഹംകൂടി കണ്ടെടുത്തു.

ഇതോടെ കവളപ്പാറയി മരിച്ചവരുടെ എണ്ണം ഒമ്പതായി. ചേലാടി ഗോപിയുടെ ഭാര്യ പ്രിയ (33), മകൾ പ്രജിത (13), മുതിര കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകൾ ഫിദ ഫാത്തിമ( 18),പൂദാനി മുഹമ്മദാലിയുടെ മകൾ ആബിദ(17) ,വാളകത്ത് സന്തോഷ് (30 )എന്നിവരുടെ മൃതദേഹങ്ങളാണ്‌ ശനിയാഴ്‌ച കണ്ടെത്തിയത്‌.

വെട്ടുപറമ്പിൽ ബിനോജിന്റെ മകൾ അനഘ (ആറ്‌) ചേലാടി ഗോപിയുടെ മകൻ ഗോകുൽ (12), പാറമാതി ( 75 )എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

ദുരന്തത്തിൽ കാണാതായ 55 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ആനമറിയിൽ ഉരുൾപൊട്ടലിൽ കാണാതായ പാറയ്‌ക്കൽ മൈമൂന (50)യുടെ മൃതദേഹവും ശനിയാഴ്‌ച കിട്ടി. സഹോദരി സാജിതയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

വീണ്ടും 2 തവണ ഉരുൾപൊട്ടി
എടക്കര: കവളപ്പാറ മുത്തപ്പൻ മലയിൽ ശനിയാഴ്‌ച വീണ്ടും രണ്ടുതവണ ഉരുൾപൊട്ടി. മഴയും കൂടിയായപ്പോൾ രക്ഷാ പ്രവർത്തനം ശ്രമകരമായി.

വ്യാഴാഴ്‌ച മണ്ണിടിഞ്ഞതിനടുത്താണ് രാവിലെയും വൈകിട്ടും വീണ്ടും ഉരുൾപൊട്ടിയത്‌. വീടുകളിൽനിന്ന്‌ നിലവിളി കേട്ടതായി സമീപവാസികൾ പറഞ്ഞു. രക്ഷാ ദൗത്യത്തിലേർപെട്ടവർ ഓടിമാറി. സുരക്ഷ കണക്കിലെടുത്ത്‌ ഉച്ചകഴിഞ്ഞ്‌ തെരച്ചിൽ നിർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News