സിപിഐഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവ് എം കേളപ്പൻ അന്തരിച്ചു .93 വയസായിരുന്നു. ദീർഘ കാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.

വടകര, കുന്നുമ്മൽ ഏരിയകളുടെ സെക്രട്ടറി ആയിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മികച്ച എഴുത്തുകാരൻ കൂടിയായ എം കേളപ്പൻ എം.കെ പണിക്കോട്ടി എന്ന പേരിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കന്ന് പൂട്ട് തൊഴിലാളിയായിരുന്ന എം കേളപ്പൻ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു പൊതുരംഗത്തെത്തിയത്.

പിന്നീട് ജില്ലയിൽ പാർട്ടി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. മൃതദേഹം രാവിലെ 9 മണി മുതൽ 12 മണി വരെ വടകര ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.

തുടർന്ന് വൈകീട്ട് 3,.30 വരെ പണിക്കോട്ടിയിലെ വായനശാലയിൽ പൊതുദർശനം .4 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും.

പണിക്കോട്ടിയിലെ ദരിദ്രകര്‍ഷക കുടുംബത്തില്‍ ജനിച്ച മൂരിക്കാരന്‍ കേളപ്പനില്‍നിന്ന് ജില്ലയിലെ തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരനായി വളര്‍ന്ന നേതാവായിരുന്നു വടകരക്കാരുടേയും പണിക്കോട്ടിക്കാരുടേയും കേളപ്പേട്ടന്‍

കാസ്ട്രോയെ കാണാന്‍ അവസരം ലഭിച്ച തനിക്ക് കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുകയും നവോത്ഥാനത്തിന് ഗതിവേഗം പകരുകയുംചെയ്ത പി കൃഷ്ണപിള്ളയെ കാണാന്‍ കഴിയാത്തതില്‍ വിഷമം.

‘ഞാന്‍ പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴേക്കും പാമ്പുകടിയേറ്റ് സഖാവിന്റെ ജീവന്‍ പൊലിഞ്ഞിരുന്നു.

കൃഷ്ണപിള്ളയുടെ സംഘടനാ സാമര്‍ഥ്യം നേരിട്ട് അനുഭവിക്കാനായില്ലെങ്കിലും അദ്ദേഹത്തിന്റെ നേതൃപാടവവും പ്രവര്‍ത്തന വൈഭവവും നല്ലൊരളവോളം മനസ്സിലാക്കാനായി’- കേളപ്പന്‍ പറഞ്ഞു.

1928ല്‍ ചിങ്ങത്തിലെ പുണര്‍തം നാളില്‍ മാതയുടെയും അമ്പാടിയുടെയും മകനായി ജനിച്ച കേളപ്പന്റെ ബാല്യം ദുരിതപൂര്‍ണമായിരുന്നു.

കടുത്ത ദാരിദ്യ്രം കാരണം നന്നേ ചെറുപ്പത്തിലേ കൃഷിപ്പണിക്ക് ഇറങ്ങേണ്ടിവന്നു. തുടര്‍പഠനത്തിന് സാധ്യമായില്ല. 17-ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

അയല്‍വാസിയും പാര്‍ടിയുടെ ആദ്യകാല സംഘാടകനുമായ വി പി കുട്ടിമാസ്റ്ററാണ് കിസാന്‍സഭയിലേക്കും അതുവഴി കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും കൊണ്ടുവന്നത്. ഒഞ്ചിയം വെടിവയ്പ് പാര്‍ടിയിലേക്കുള്ള പ്രവേശനത്തിന് നിമിത്തമായി.

ഉഴവുകാരനായി ജീവിതം ആരംഭിച്ച എം കെ പണിക്കോട്ടി നല്ല എഴുത്തുകാരനായി ഉയര്‍ന്നത് സ്ഥിരപ്രയത്നവും ആത്മവിശ്വാസവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനവും കൊണ്ടാണ്.

പ്രാഥമിക വിദ്യാഭ്യാസമുണ്ടായിരുന്ന അച്ഛന്‍ അമ്പാടിയുടെ രാമായണപാരായണമാണ് കേളപ്പന്റെ കുരുന്നുമനസ്സില്‍ സാഹിത്യാഭിരുചിയുടെ വിത്തുപാകിയത്.

എത്ര നാടകമാണ് എഴുതിയതെന്ന് നല്ല തിട്ടമില്ല. ആദ്യത്തേത് പ്രതിധ്വനിയാണെന്നാണ് ഓര്‍മ. ജീവിതം ഒരുസുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകള്‍, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങള്‍ രചിച്ചു.

വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ സിനിമയായത്. കൂടാതെ ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍, കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ ഇന്നലെ ഇന്ന് നാളെ, വടക്കന്‍ പാട്ടുകളിലൂടെ, വടക്കന്‍ പെണ്‍പെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകള്‍ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്.

1950 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതുപ്പണം സെല്‍ അംഗമായി. പിന്നീട് പുതുപ്പണം വില്ലേജ് സെക്രട്ടറി. സിപിഐ എം വടകര മണ്ഡലം കമ്മിറ്റിയംഗം, വടകര ഏരിയാ സെക്രട്ടറി, മൂന്നുവര്‍ഷം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1975 മുതല്‍ ജില്ലാകമ്മിറ്റിയംഗം. 1991 മുതല്‍ പത്തരവര്‍ഷം ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചു. നിലവില്‍ വടകര ഏരിയാ കമ്മിറ്റിയംഗം.

1962 മുതല്‍ 22 വര്‍ഷം വടകര മുനിസിപ്പല്‍ കൌണ്‍സിലറായിരുന്നു. 1969 മുതല്‍ ജില്ലയിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here