റണ്‍വേയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി. അബുദാബിയില്‍ നിന്നുളള ഇന്‍ഡിഗോവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് നെടുന്പാശേരി വിമാനത്താവളം വെളളക്കെട്ടിനെ തുടര്‍ന്ന് അടയ്ക്കേണ്ടി വന്നത്.
അനുകൂലമായ കാലാവസ്ഥ ലഭിച്ചതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തേയാണ് നെടുന്പാശേരി വിമാനത്താവളം ഇത്തവണ തുറന്നത്. ഉച്ചയ്ക്ക് 12.15ഓടെ അബുദാബിയില്‍ നിന്നുളള ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതോടെ ഡൊമസ്റ്റിക് ഉള്‍പ്പെടെ എല്ലാ സര്‍വ്വീസുകളും സാധാരണ നിലയിലായി. റണ്‍വേയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ അടച്ച വിമാനത്താവളമാണ് മൂന്ന് ദിവസത്തിനുളളില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായത്. റണ്‍വേയിലെ വെളളം നീക്കുകയും ഏപ്രണിലും ടാക്സി വേയിലും അടിഞ്ഞുകൂടിയ ചെളിയും നീക്കാനായി. റണ്‍വേ സുരക്ഷിതമാണെന്ന് ആദ്യം പറന്നിറങ്ങിയ ഇന്‍ഡിഗോ പൈലറ്റും സാക്ഷ്യപ്പെടുത്തി.
ബലിപെരുന്നാളിനായി നാട്ടിലെത്താന്‍ കാത്തിരുന്ന പ്രവാസികള്‍ക്കും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചത് വലിയ ആശ്വാസമായി. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തില്‍ 15 ദിവസം വിമാനത്താവളം അടയ്ക്കേണ്ടി വന്നിരുന്നു. ഇത്തവണ പെരിയാറിലെ ജലനിരപ്പ് താഴുകയും മഴ മാറി നിന്നതുമാണ് തുണയായത്.

Get real time update about this post categories directly on your device, subscribe now.