ഗവർണർ സത്യപാൽ മല്ലിക്കിനോട്‌ അനുമതി തേടിയശേഷം ശ്രീനഗർ സന്ദർശിക്കാനെത്തിയ തന്നെ അകാരണമായി തടഞ്ഞുവച്ച്‌ തിരിച്ചയച്ചതിൽ പ്രതിഷേധമറിയിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‌ കത്തെഴുതി. ഒരു ദേശീയ പാർടിയുടെ ജനറൽ സെക്രട്ടറിയാണെന്നറിഞ്ഞിട്ടും പാർടിനേതാക്കളെ കാണാനുള്ള ജനാധിപത്യപരമായ അവകാശമാണ്‌ തടഞ്ഞത്‌. ജമ്മു കശ്‌മീരിൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ നടക്കുന്ന സ്ഥിതിഗതി ബോധ്യപ്പെടുത്താനാണ്‌ രാഷ്‌ട്രപതിക്ക്‌ കത്തെഴുതിയതെന്ന്‌ യെച്ചൂരി പറഞ്ഞു.

“വിമാനമിറങ്ങിയ എന്നെ പൊലീസ്‌ വളഞ്ഞ്‌ ഒരു മുറിയിലെത്തിച്ചു. ശ്രീനഗറിലേക്ക്‌ പോകാനാകില്ലെന്നും ഉടൻ തിരിച്ചുപോകണമെന്നും അറിയിച്ചു. എന്നാൽ, വൈകിട്ട്‌ മടങ്ങാനുള്ള ടിക്കറ്റുണ്ടെന്നും ഉടൻ മടങ്ങില്ലെന്നും അറിയിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും എന്നെയും നാലുമണിക്കൂർ തടഞ്ഞുവച്ചു. ജില്ലാ മജിസ്‌ട്രേട്ട്‌ എത്തി. സന്ദർശനം ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും അതിനാൽ പുറത്തുപോകാൻ അനുവാദമില്ലെന്നുമുള്ള ഉത്തരവ്‌ അവർ കാണിച്ചു. ഞങ്ങൾ വിമാനത്താവളത്തിലും പ്രതിഷേധിച്ചു. അസ്വാഭാവിക സംഭവമാണിത്‌.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും നാലുതവണ എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ സന്ദർശിക്കാൻ വെള്ളിയാഴ്‌ച എത്തുമെന്ന്‌ വ്യാഴാഴ്‌ച ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മലിക്കിനെ അറിയിച്ചിരുന്നു. ജനം കടുത്ത അതൃപ്‌തിയിലാണെന്നും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിൽ ഏറെ പരാതിയുണ്ടെന്നും മനസ്സിലായി. അന്താരാഷ്ട്ര, ആഭ്യന്തര വാർത്താ ഏജൻസികൾ ജനങ്ങളുടെ പ്രതിഷേധവും അതിനെതിരായ പൊലീസ്‌ അതിക്രമവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ട ഗുരുതരവിഷയമാണിത്‌. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനയുടെ സംരക്ഷകനെന്നനിലയിൽ രാഷ്ട്രപതി ഇടപെടണം’–- യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു. സന്ദർശനത്തിന്‌ അനുമതിതേടി ഗവർണർക്കയച്ച കത്തും യെച്ചൂരി രാഷ്ട്രപതിക്ക്‌ കൈമാറി.