”ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു; കൈ വിടരുത്, അതിജീവിക്കും നമ്മള്‍ ഒരുമിച്ച്, അതല്ലേ കേരളം, അതാവണ്ടേ മലയാളി”

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന ആഹ്വാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍.

ഉണ്ണിയുടെ വാക്കുകള്‍:

ഞാന്‍ അഭിനയിച്ച സ്‌റ്റൈല്‍ എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിഷ്ണു ഒരു സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് എനിക്കയച്ച വോയിസ് മെസ്സേജ് ആണിത്.

അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ പ്രളയ ബാധിതമായ മലപ്പുറത്താണ്. വീട്ടിലേക്കു എത്താന്‍ സാധിക്കാതെ ഇപ്പോള്‍ കൊച്ചിയില്‍ ഉള്ള വിഷ്ണു കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ കളക്ഷന്‍ പോയിന്റില്‍ ആണ് ഉള്ളത്. അവിടുത്തെ സാഹചര്യത്തെ കുറിച്ച് വിഷ്ണു പറയുന്ന കാര്യങ്ങള്‍ വേദനാ ജനകം ആണ്. വളരെ കുറച്ചു സാധന സാമഗ്രികള്‍ മാത്രമാണ് ഇപ്പോള്‍ അവിടെയുള്ളൂ. പ്രളയ ബാധിത പ്രദേശത്തേക്ക് കയറ്റി അയക്കാനുള്ള ഒന്നും തന്നെ നല്ല അളവില്‍ അവിടെയില്ല.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ അടക്കം അവിടെ സാധനങ്ങള്‍ ശേഖരിക്കാനും പാക്ക് ചെയ്യാനും ഒക്കെ ഉണ്ടെങ്കിലും വളരെ ചെറിയ അളവില്‍ മാത്രമേ സാധനങ്ങള്‍ ജനങ്ങളില്‍ നിന്നും സന്നദ്ധ സംഘങ്ങളില്‍ നിന്നും അവിടെ എത്തുന്നുള്ളൂ. ഒരു ലോഡ് പോലും കയറ്റി അയക്കാന്‍ പറ്റാത്ത അത്രേം കുറച്ചു സാധങ്ങള്‍ മാത്രം ഉള്ള സാഹചര്യം ആണ് നിലവിലുള്ളത്.

സോഷ്യല്‍ മീഡിയ വഴി ഒക്കെ ശ്രമിക്കുന്നുണ്ട് എങ്കിലും സാധനങ്ങള്‍ എത്തുന്നില്ല. മലപ്പുറം, നിലമ്പൂര്‍, വളാഞ്ചേരി ഭാഗത്തൊക്കെയുള്ള ജനങ്ങളുടെ നില വളരെ പരിതാപകരമായ സ്ഥിതിയിലാണ്. കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടായ സമയത്തും അതിനു ശേഷവുമെല്ലാം ഒട്ടേറെ സഹായങ്ങള്‍ ആണ് മലബാര്‍ ഏരിയയില്‍ നിന്നു മധ്യ കേരളത്തിലേക്കും തെക്കന്‍ ജില്ലകളിലേക്കും പ്രവഹിച്ചത്.

ഓരോ റിലീഫ് ക്യാമ്പുകളിലേക്കും അത്രയധികം സാധന സാമഗ്രികള്‍ ആണ് ഒഴുകിയെത്തിയത്. ഒട്ടേറെ പ്രവര്‍ത്തകരും അതിനൊപ്പം സഹായത്തിനു എത്തിയിരുന്നു.

എന്നാല്‍ ഇത്തവണ മലബാര്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ആവേശവും ഉത്സാഹവും കാണിക്കുന്നില്ല എന്നത് താന്‍ നില്‍ക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ കളക്ഷന്‍ പോയിന്റിലെ സ്ഥിതി ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു വിശദീകരിച്ചു.

കഴിയുമെങ്കില്‍ ഈ സാഹചര്യത്തെ കുറിച്ചുള്ള അറിവ് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ പറ്റുന്ന സഹായം ചെയ്യാമോ എന്നുള്ള വിഷ്ണുവിന്റെ വേദന നിറഞ്ഞ അപേക്ഷയാണ് ഇപ്പോള്‍ എന്റെ കാതില്‍ മുഴങ്ങുന്നത്. സ്വന്തം കുടുംബത്തെ കാണാന്‍ പോലും കഴിയാത്ത വിഷമത്തിലും ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ ഉള്ള ശ്രമത്തിലാണ് വിഷ്ണുവും അതുപോലെയുള്ള ഒരുപാട് പേരും. ഈ സമയത്തു അവരെ ഒറ്റപ്പെടുത്തരുത്.

കഴിഞ്ഞ തവണ ചേര്‍ത്തു പിടിച്ചവരെ ഇന്ന് നമ്മള്‍ കൈ വെടിയരുത്. എന്നാല്‍ പറ്റുന്നതെല്ലാം ഞാന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്…നിങ്ങളും ചെയ്യുക…വിഷ്ണു എന്നോട് പറഞ്ഞത് പോലെ ഞാന്‍ നിങ്ങളോടും അപേക്ഷിക്കുകയാണ്…കൈ വിടരുത്…അതിജീവിക്കും നമ്മള്‍ ഒരുമിച്ച്….. അതല്ലേ കേരളം…അതാവണ്ടേ മലയാളി…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News