8 മണിക്കൂര്‍ നേരത്തെ സാഹസിക പരിശ്രമം; വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി

ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിയ വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. ഇതിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിലാണ് കുത്തിയൊലിച്ചൊഴുകുന്ന പുഴയിലൂടെ ഇവരെ മറുകരയിലെത്തിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാണിയമ്പുഴയ്ക്ക് സമാന്തരമായി പുതിയ പുഴ രൂപപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ രണ്ടുപുഴകള്‍ മറികടന്നുവേണം ഇവരെ രക്ഷപ്പെടുത്തേണ്ടിയിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും ഇതായിരുന്നു. എന്നാല്‍ എന്‍ഡിആര്‍ഫ്, സൈന്യം എന്നിവരുടെ പക്കലുള്ള ബോട്ടുകള്‍ ഈ പുഴയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. ഉരുള്‍പൊട്ടലില്‍ എത്തിയ വലിയ കല്ലുകള്‍ ബോട്ടുകളുടെ അടിയില്‍ ഇടിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട പുഴയ്ക്ക് കുറുകെ റോപ്പ് മാര്‍ഗം കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ച് ആദിവാസി കോളനിയില്‍ കൂടി നടത്തിക്കൊണ്ടുവന്ന് ചാലിയാറിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലത്തുകൂടി മറുകര എത്തിക്കുകയുമായിരുന്നു. എന്‍ഡിആര്‍എഫ്, സൈന്യം, നാട്ടുകാര്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടെയാണ് 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News