പത്തനംതിട്ടയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍ പിബി നൂഹ്

പത്തനംതിട്ടജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയിലെ വിവിധ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളും സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്കത്തിന് ഇരയായവര്‍ക്ക് വിതരണം ചെയ്യുന്നതിന് അവശ്യസാധങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിനായി തിരുവല്ല ഡയറ്റിലും പത്തനംതിട്ട രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ 69 ക്യാമ്പുകളിലായി 4528 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

മഴ കുറഞ്ഞതിനാല്‍ നദികളിലെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍, താഴ്ന്ന പ്രദേശങ്ങളായ തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം താഴാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ ഈ മേഖലകളില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. ഡാമുകള്‍ തുറക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.

തിരുവല്ല മേപ്രാല്‍ ഗവ.എല്‍പിഎസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് യുപിഎസ്, വേങ്ങല്‍ മലങ്കര സുറിയാനി കത്തോലിക്കാ ഓഡിറ്റോറിയം, ആറന്മുള എഴിക്കാട് കോളനി, പന്തളം എന്നീ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ കളക്ടര്‍ക്കൊപ്പം തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ പി ടി എബ്രഹാം, എ ഡി എം അലക്‌സ് പി തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനാ റാണി, തിരുവല്ല തഹസില്‍ദാര്‍ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ റേച്ചല്‍ തോമസ്, രാജന്‍ വര്‍ഗീസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here