അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞു; ഇതുവരെ 76 മരണം സ്ഥിരീകരിച്ചു; രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രം​ഗത്ത്

സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രം​ഗത്തിറങ്ങി. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്‌. കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഇതുവരെ 76 മരണം സ്ഥിരീകരിച്ചു. 61 പേരെ കണ്ടെത്താനുണ്ട്‌.

1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്ത്,–- 56,203 പേർ. വയനാട്ടിൽ 37,059 പേരും കണ്ണൂരിൽ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലാണ്‌. ദുരിതാശ്വാസക്യാമ്പുകളിൽ എല്ലാ സഹായവും ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കലക്ടർമാർക്കാണ് ഏകോപനച്ചുമതല.

മണ്ണിടിച്ചിലില്‍64 പേരെ കാണാതായ മലപ്പുറത്തെ മലയോരമേഖലയായ കവളപ്പാറയില്‍ ഞായറാഴ്ച നാല്‌ മൃതദേഹം കൂടികിട്ടി. ഇതോടെ 13 മൃതദേഹം കണ്ടെത്തി. ഇനി 53 പേരെ കണ്ടെത്താനുണ്ട്‌. വയനാട് മേപ്പാടി പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ മരണം പത്തായി. എട്ട്‌ പേരെ കണ്ടെത്താനുണ്ട്‌. മഴ മാറിനിന്നത്, രക്ഷാപ്രവർത്തനത്തിന് ആശ്വാസമായി.

മലപ്പുറം ജില്ലയിൽ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും ആർമിയുടെ മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാർഡിന്റെ ടീമും രംഗത്തുണ്ട്. എൻജിനീയറിങ് വിഭാഗവുമുണ്ട്‌. പന്ത്രണ്ടടി കനത്തിൽ മണ്ണുവീണ് ചെളി നിറഞ്ഞത്‌ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. മനുഷ്യസാധ്യമായ എല്ലാശ്രമവും നടത്തുകയാണ് രക്ഷാപ്രവർത്തകർ.

മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രംഗത്തുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പെട്ടവരെ കണ്ടെത്തി രക്ഷിക്കാനും ഭക്ഷണവും ചികിത്‌സാ സൗകര്യവും ലഭ്യമാക്കാനും സാധിച്ചു. വെള്ളം ഇറങ്ങിയ ചില സ്ഥലങ്ങളിൽ ക്യാമ്പിലുള്ളവർ വീടുകളിലേക്ക്‌ തിരികെപോകാൻ തുടങ്ങി.

അണക്കെട്ടുകളുടെ സ്ഥിതിയിൽ ശനിയാഴ്ചത്തേക്കാൾ ചെറിയ വ്യത്യാസമേ വന്നിട്ടുള്ളു. മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നുരണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. രണ്ടുദിവസംകൂടി നല്ല ജാഗ്രത പുലർത്തണം. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാകേന്ദ്രത്തിന്റെയും മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം.

കവളപ്പാറയിൽ സൈന്യമെത്തി

കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിന്‌ സൈന്യമെത്തി. മദ്രാസ്‌ റെജിമെന്റിൽനിന്നുള്ള 30 പേരടങ്ങുന്ന സംഘമാണ്‌ ഞായറാഴ്‌ച രാവിലെ എത്തിയത്‌. ഹിറ്റാച്ചി, ജെസിബി ഉൾപ്പെടെയുള്ളവ കൂടുതലായി സ്ഥലത്തെത്തിച്ചു.

മരപ്പാലങ്ങളും കൈവഴികളും താൽക്കാലികമായി ഒരുക്കിയാണ്‌ രക്ഷാപ്രവർത്തനം. ദേശീയ ദുരന്ത നിവാരണ സേനയിലെ 40 പേരും ഫയർഫോഴ്‌സിലെ 70 പേരും സ്ഥലത്തുണ്ട്‌. ആയിരക്കണക്കിന്‌ പേരാണ്‌ രക്ഷാ ദൗത്യത്തിനെത്തിയത്‌.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച ആറ്‌ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച ഒരിടത്തും റെഡ്‌ അലർട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ ഓറഞ്ച്‌ അലർട്ട്‌. ഈ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ചൊവ്വാഴ്‌ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്‌ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കും.

തിങ്കളാഴ്‌ച ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വാഴ്‌ച ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും ബുധനാഴ്‌ച കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്‌ച ഇടുക്കി, മലപ്പുറം , കണ്ണൂർ എന്നീ ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News