ജമ്മു കശ്‌മീർ സാധാരണ നിലയിലായെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. പക്ഷെ, സർക്കാർ വാദത്തെ സാധൂകരിക്കുന്നതൊന്നും താഴ്‌വരയിൽ ദൃശ്യമല്ല. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയെന്ന ആശങ്കയാണ് സാധാരണക്കാർ പങ്കിടുന്നത്. ശ്രീനഗറിൽ കണ്ടുമുട്ടിയ നാട്ടുകാരും സുരക്ഷാഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സർക്കാർജീവനക്കാരും പങ്കുവയ്‌ക്കുന്നത് ഈ ആശങ്ക. അതിനിടെ, കശ്‌മീരിൽ വീണ്ടും കർഫ്യൂ നിലവിൽ വന്നു. ശ്രീനഗറിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജനങ്ങൾ നഗരകേന്ദ്രത്തിലേക്ക് വരുന്നത് ഒഴിവാക്കാനാണിത്.
വൻ സേനാവിന്യാസത്തെ മറികടന്നും താഴ്വരയിൽ പലയിടത്തും പ്രതിഷേധം ഉയരുന്നുവെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ശ്രീനഗറിലെ സൗറായിൽ വെള്ളിയാഴ്‌ച നമസ്‌കാരത്തിനുശേഷം ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധറാലി നടന്നതായി ബിബിസിയും റോയിട്ടേഴ്‌സും വാഷിങ്ങ്‌ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രകടനത്തിനുനേരെ വെടിവയ്‌പും കണ്ണീർവാതകപ്രയോഗവും നടന്നതായാണ് റിപ്പോർട്ട്.
സർക്കാർ നിഷേധിച്ചുവെങ്കിലും, പ്രകടനത്തിൽ പങ്കെടുത്ത് പരിക്കേറ്റ ചിലരെ എസ്‌കെഐഎംഎസ് ആശുപത്രിയിൽ നേരിൽ കണാനായി. പെല്ലറ്റ് തോക്കുകളിൽനിന്ന് വെടിയേറ്റ് പരിക്കേറ്റവരാണ് ഇവരെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. പെല്ലറ്റിന്റെ കൂർത്തചീളുകൾ തുളച്ചുകയറിയ ചിലരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്‌ച രാത്രി ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആരെന്നോ എവിടത്തുകാരിയെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിയന്ത്രണമേർപ്പെടുത്തിയിട്ടും വാർത്തകൾ പുറത്തുപോകുന്നതിൽ അധികൃതർ അസ്വസ്ഥരാണ്. പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ആശുപത്രി അധികൃതർക്കും ജീവനക്കാർക്കും കർശനനിർദേശമുണ്ട്.
പ്രതിഷേധം കനക്കാൻ സാധ്യത
സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി താഴ്‌വരയിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായാൽ കശ്‌മീർ വീണ്ടും കലുഷിതമാകും.
സർക്കാർ ജീവനക്കാർക്ക് ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ലെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാധ്യമപ്രവർത്തകൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. ആശുപത്രി ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ല. പൊലീസുകാർക്കുമാത്രമാണ് ശമ്പളം നൽകിയത്. പെരുന്നാൾ എത്തിയിട്ടും ശമ്പളം കിട്ടാതെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്.
തിങ്കളാഴ്‌ച ഈദ് ആഘോഷമായിട്ടും ഞായറാഴ്‌ച കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കശ്‌മീരിൽ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. പരിമിതമായ ലാൻഡ്‌ലൈൻ സൗകര്യംമാത്രമാണ് ഇപ്പോഴുള്ളത്.
ഗ്രേറ്റർ കശ്‌മീർ പത്രം നിർത്തി
ഇന്റർനെറ്റ് സേവനങ്ങളും ടെലിഫോണും വിച്ഛേദിച്ചതോടെ കശ്‌മീരിൽ പത്രങ്ങൾ പ്രതിസന്ധിയിൽ. ഏറ്റവും കൂടുതൽ പ്രചാരമുള്ള ഗ്രേറ്റർ കശ്‌മീർ ഇംഗ്ലീഷ് പത്രം ഞായറാഴ്‌ചമുതൽ താൽക്കാലികമായി പ്രസിദ്ധീകരണം നിർത്തി. ഇന്റർനെറ്റ് സേവനങ്ങളില്ലാത്തതുമൂലം വാർത്താ ഉറവിടങ്ങൾ കുറഞ്ഞതാണ് പ്രസിദ്ധീകരണം നിർത്താൻ കാരണമെന്ന് പത്രാധിപർ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.