(മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)

നാം തോറ്റ ജനതയല്ല, എത്ര കുപ്രചരണങ്ങള്‍ ഈ നാടിനെ പിന്നില്‍ നിന്ന് കുത്തുന്നവര്‍ നടത്തിയാലും നമ്മുടെ മനോവീര്യത്തെ തകര്‍ക്കാനും പറ്റില്ല.

ഇന്ന് തിരുവനന്തപുരത്തെ റിലീഫ് മെറ്റീരിയല്‍സ് കളക്ഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. നാടിന് ഒരു ആപത്ത് വരുമ്പോള്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് കൊണ്ട് ഒരു ജനത ഒറ്റക്കെട്ടായി നില്‍ക്കുന്നത് കാണുമ്പോള്‍ വളരെയധികം അഭിമാനമുണ്ട്.

സങ്കുചിത രാഷ്ട്രീയം പേറുന്നവരുടെ ജല്പനങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ട് യുവാക്കള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്.

ബിഗ് എഫ് എമ്മിന്റെ നേതൃത്വത്തില്‍ ബിഗ് ഫ്രണ്ട്സ് എന്ന കൂട്ടായ്മ ഒരു ലോഡ് അത്യാവശ്യ സാധനങ്ങള്‍ അയക്കുന്നത് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇനിയും രണ്ട് ലോഡ് കൂടെ അയക്കാന്‍ പറ്റും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ തുറന്ന കളക്ഷന്‍ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പസ് ക്ലബിലെ ഹാളില്‍ മുഴുവന്‍ അരിയും പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളും കൊണ്ട് നിറഞ്ഞിട്ടുണ്ട്. തരം തിരിക്കലും ലോഡിങ്ങും ഒക്കെയായി അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഒരു വലിയ ലോറിയില്‍ സാധനങ്ങളുമായി ഇന്ന് രാത്രി തന്നെ നിലമ്പൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു.

ഇനിയും കൂടുതല്‍ അയക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനി സമാഹരിച്ച സാധനസാമഗ്രികള്‍ കൊണ്ട് പോകുന്ന വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. കഴിഞ്ഞ തവണയും ടെക്നോ പാര്‍ക്ക് കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിധ്വനി നേതൃത്വം നല്‍കിയിരുന്നു. ഇനിയും രണ്ട് ലോഡ് അവശ്യ വസ്തുക്കള്‍ അയക്കാന്‍ ബാക്കിയുണ്ട്.

മനുഷ്യനന്മയ്ക്കും സഹജീവികളോടുള്ള കരുതലിനും തെക്കെന്നോ വടക്കെന്നോ ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യന്‍ എന്നോ വ്യത്യാസമില്ല.

കൂട്ടത്തില്‍ ഉള്ളവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ സഹായങ്ങളെ നിരുത്സാഹപ്പെടുത്തുന്നവര്‍ മനുഷ്യന്‍ എന്ന വിശേഷണത്തിന് പോലും അര്‍ഹത ഉള്ളവരല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരെയൊക്കെ പ്രചാരണം നടത്തുന്നവര്‍ നാടിന് തന്നെ അപമാനം ആണെന്ന് പറയാതെ വയ്യ.

നാം ഒരു തവണ അതിജീവനത്തിന്റെ പുതിയ മാതൃകകള്‍ രചിച്ചവരാണ്. ആരൊക്കെ എന്തൊക്കെ രീതിയില്‍ നമ്മളെയും നമ്മുടെ ഒത്തൊരുമയേയും തകര്‍ക്കാന്‍ ശ്രമിച്ചാലും അവര്‍ പരാജയപ്പെടുകയേ ഉള്ളൂ. ഈ സമയവും നാം മറികടക്കും. നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.